2025ല്‍ മാത്രം ഇസ്‌റാഈല്‍ വര്‍ഷിച്ചത് 1,12,000 ടണ്‍ സ്ഫോടക വസ്തുക്കള്‍, എന്നിട്ടും കീഴടങ്ങാതെ ഗസ്സ...
ഗസ്സ: 2025 ല്‍ ഗസ്സയോട് ഇസ്റാഈല്‍ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 90 ശതമാനവും തകര്‍ത്തു. 80 ശതമാനം കൃഷിഭൂമിയും നശിപ്പിച്ചു. 1,12,000 ടണ്‍ സ്ഫോടക വസ്തുക്കളാണ് ഇസ്റാഈല്‍ ഗസ്സയ്ക്കു മേല്‍ വര്‍ഷിച്ചത്. 22 ആശുപത്രികള്‍ പൂര്‍ണമായി നശിപ്പിച്ചു. 34 പള്ളികള്‍ തകര്‍ത്തു. 100 പള്ളികള്‍ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
ഒരു ലക്ഷത്തിലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ത്തു. 66,000 വീടുകള്‍ക്ക് ഭാഗികമായി തകര്‍ന്നു. 20 ലക്ഷം ഗസ്സക്കാര്‍ പലായനം ചെയ്യേണ്ടിവന്നു. 220 ദിവസം അതിര്‍ത്തി പൂര്‍ണമായും അടച്ച് പട്ടിണിക്കിട്ടു. 1,23,000 ത്തിലധികം ഭക്ഷ്യ, ഇന്ധന ലോറികളെ പ്രവേശിക്കുന്നത് തടഞ്ഞു.
37 സന്നദ്ധ സഹായ ഏജന്‍സികളെ വിലക്കി
ഗസ്സ: പുതുവര്‍ഷത്തില്‍ ഗസ്സയിലെ ജനങ്ങളെ പട്ടിണിയിലാക്കാന്‍ പദ്ധതികള്‍ മെനഞ്ഞ് ഇസ്റാഈല്‍. നിരവധി സന്നദ്ധ സഹായ സംഘടനകള്‍ക്കും മെഡിക്കല്‍ സേവനം നല്‍കുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സി(എം.എസ്.എഫ്)നും ഗസ്സയില്‍ വിലക്കേര്‍പ്പെടുത്തിയതാണ് പുതിയ നീക്കം. 37 ലേറെ സന്നദ്ധ സഹായ സംഘടനകള്‍ക്ക് ഇസ്റാഈല്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ മെഡിക്കല്‍ സഹായ ശൃംഖലയാണ് എം.എസ്.എഫ്. വന്‍തോതില്‍ തകര്‍ക്കപ്പെട്ട ഗസ്സയുടെ ആരോഗ്യ സംവിധാനങ്ങളെ ഏകോപിപ്പിക്കാനും ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കു ചികിത്സ നല്‍കാനുമാണ് എം.എസ്.എഫ് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇസ്റാഈല്‍ സഹായ ഏജന്‍സികളെ വിലക്കിയ നടപടിയെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സന്നദ്ധ സംഘടനകള്‍ക്കുള്ള വിലക്ക് ഗസ്സയിലെ സ്ഥിതി അതീവ ദുഷ്‌കരമാക്കുമെന്ന് യു.എന്‍ അവകാശ മേധാവി വോള്‍കര്‍ ടര്‍ക് പറഞ്ഞു. സ്വിറ്റ്സര്‍ലന്റ്,ബ്രിട്ടന്‍, കാനഡ, ഡെന്‍മാര്‍ക്, ഫിന്‍ലന്റ്, ഫ്രാന്‍സ്, ബെല്‍ജിയം, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തു വന്നു.
കൊല്ലപ്പെട്ടത് 25,717 പേര്‍, 475 പട്ടിണി മരണങ്ങള്‍
ഗസ്സ: 2025ല്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തത് 29,117 ഫലസ്തീനികളെ. ഇതില്‍ 25,717 പേര്‍ കൊല്ലപ്പെട്ടതായി സ്ഥീരീകരിക്കുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ പകുതിയും കുട്ടികളും സ്ത്രീകളും പ്രായമായവരുമായിരുന്നു. 475 പേര്‍ പട്ടിണി മൂലവും മരിച്ചു. ഇതില്‍ 165 പേര്‍ കുട്ടികളായിരുന്നു. പരുക്കേറ്റ് 62,853 പേരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഗസ്സയിലെ വൃക്ക രോഗികളില്‍ പകുതി പേരും മരിച്ചു. 1,244 പേരാണ് മരിച്ചത്. 4,441 ഗര്‍ഭം അലസുകയും ചെയ്തു. പോഷകാഹാരകുറവും ആരോഗ്യ സേവനം ലഭിക്കാത്തതുമാണ് കാരണം. 2,700 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. നാലു പേര്‍ കൊടുംശൈത്യത്തെ തുടര്‍ന്നും ശൈത്യക്കാറ്റില്‍ വീടുതകര്‍ന്ന് 19 പേരും മരിച്ചു. 500 സന്നദ്ധ സഹായ വളണ്ടിയര്‍മാരെ ഇസ്‌റാഈല്‍ കൊലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."