നാല് ഗോൾ വഴങ്ങി, ഒടുവിൽ ആരാധകരോട് പോർവിളി; അർജന്‍റനീയൻ ഗോൾ കീപ്പർക്ക് എമിറേറ്റ്‌സിൽ കഷ്ടകാലം
എമിറേറ്റ്‌സ്:ഡിസംബർ 30-ന് എമിറേറ്റ്‌സിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ആസ്റ്റൺ വില്ല ആഴ്‌സണലിനോട് തകർന്നു തരിപ്പണമായി. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗണ്ണേഴ്സിനോട് പൊരുതി തോറ്റതിനേക്കാൾ, വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ആഴ്‌സണൽ ആരാധകരുമായി കോമ്പുകോർത്തതാണ് കായിക ലോകത്ത് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.
രണ്ടാം പകുതിയിൽ തകർന്നടിഞ്ഞ് വില്ല
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാകാതെ സമനില പാലിച്ച് പിരിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ആഴ്‌സണൽ സംഹാരരൂപം പ്രാപിച്ചത്. 48-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹേസിലൂടെ തുടങ്ങിയ വെടിക്കെട്ട് 52-ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡി, 69-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസാർഡ്, 78-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് എന്നിവരിലൂടെ പൂർത്തിയായി.ഇഞ്ചുറി ടൈമിൽ (90+4') ഒല്ലി വാറ്റ്കിൻസ് വില്ലയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും പരാജയഭാരം കുറയ്ക്കാൻ മാത്രമേ അത് സഹായിച്ചുള്ളൂ.
അർജന്റനീയൻ ലോകകപ്പ് ഹീറോയായ മാർട്ടിനെസിന് അത്ര നല്ല ദിവസമല്ലായിരുന്നു ഇത്. ആഴ്‌സണൽ ഗോൾ ലക്ഷ്യമാക്കി തൊടുത്ത ഏഴ് ഷോട്ടുകളിൽ വെറും മൂന്നെണ്ണം മാത്രമാണ് താരത്തിന് തടയാനായത്.
നാടകീയ രംഗങ്ങൾ: 'ഫണ്ണി ഡേവിഡ് റായ' വിളിയിൽ പ്രകോപനം
മത്സരശേഷം ടണലിലൂടെ നടന്നുപോകുന്നതിനിടെയാണ് ഗാലറിയിലുള്ള ആരാധകരുമായി താരം ഉടക്കിയത്. ആഴ്‌സണലിന്റെ നിലവിലെ കീപ്പർ ഡേവിഡ് റായയുമായി താരതമ്യം ചെയ്ത് "നീ വെറും ഒരു തമാശ ഡേവിഡ് റായ" എന്ന് വിളിച്ച ആരാധകരുടെ മുദ്രാവാക്യങ്ങൾ താരത്തെ വല്ലാതെ ചൊടിപ്പിച്ചു. ഇതിന്റെ വൈറലായ വീഡിയോയിൽ ദേഷ്യം വന്ന മാർട്ടിനെസ് ആരാധകർക്ക് നേരെ തിരിയുന്നതും ഉടൻ തന്നെ ക്ലബ്ബ് സ്റ്റാഫ് ഇടപ്പെട്ട് അദ്ദേഹത്തെ തടയുന്നതും വ്യക്തമാണ്.
കിരീടപ്പോരാട്ടം മുറുകുന്നു
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ആഴ്‌സണൽ കൂടുതൽ സുരക്ഷിതമാക്കി. ഒരു കളി കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നാലെയുണ്ട്.2020 വരെ ആഴ്‌സണലിൽ ഉണ്ടായിരുന്ന എമി വില്ലയിലേക്ക് മാറിയ ശേഷം പലപ്പോഴും തന്റെ മുൻ ക്ലബ്ബിനോടുള്ള അതൃപ്തി മൈതാനത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആരാധകരുമായുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ താരത്തിനെതിരെ അച്ചടക്ക നടപടികൾക്ക് കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."