അവൻ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുന്നില്ല, അടിച്ച് തുറക്കുകയാണ് ചെയ്യുന്നത്: അശ്വിൻ
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി മിന്നും പ്രകടനം നടത്തിയ സർഫറാസ് ഖാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. സർഫറാസ് ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുന്നില്ല, അടിച്ചു തുറക്കുകയാണെന്നാണ് അശ്വിൻ എക്‌സിൽ കുറിച്ചത്.
''100*(47), 52(40), 64(25), 73(22). ആ ഫോം വിജയ് ഹസാരെയിലും കണ്ടു. 55(49) സ്കോറുകളും തുടർന്ന് 14 സിക്സ് അടക്കം 157(75) എന്ന മികച്ച സ്കോറും നേടി. സ്വീപ്പുകളും സ്ലോഗ് സ്വീപ്പുകളും ഉപയോഗിച്ച് മധ്യ ഓവറുകളിൽ അദ്ദേഹം സ്പിന്നിനെ എങ്ങനെ ആക്രമിച്ചു കളിച്ചുവെന്നത് ശ്രദ്ധേയമാണ്. അവൻ വാതിലിൽ മുട്ടുന്നില്ല, അവൻ അത് അടിച്ചു തുറക്കുകയാണ്. സിഎസ്‌കെ അദ്ദേഹത്തെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം. ഈ സീസണിൽ ചെന്നൈയിൽ ഒരുപാട് ബാറ്റർമാരുണ്ട്. ഐപിഎൽ 2026നായി കാത്തിരിക്കുകയാണ്'' അശ്വിൻ എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം വിജയ് ഹസാരെയിൽ ഗോവക്കെതിരെ 157 റൺസ് നേടിയാണ് സർഫറാസ് ഖാൻ തിളങ്ങിയത്. വെറും 75 പന്തുകളിൽ നിന്നുമാണ് താരം ഇത്രയധികം റൺസ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും 14 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സർഫറാസ് ഖാന്റെ പ്രകടനം. ഇതുവരെ വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ നിന്നും 329 റൺസാണ് താരം അടിച്ചുകൂട്ടിയത്.
സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സർഫറാസ് ഖാന് ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ സാധിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും വെടിക്കെട്ട് പ്രകടനത്തോടെ തന്റെ പ്രതിഭ വീണ്ടും തെളിയിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ. 2026 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് സർഫറാസ് കളിക്കുക. താരത്തിന്റെ ഈ പ്രകടനം ചെന്നൈക്കും ആത്മവിശ്വാസം പകരുന്നതാണ്.
അതേസമയം സർഫറാസിന്റെ സെഞ്ച്വറി കരുത്തിൽ ഗോവക്കെതിരെ മുംബൈ 87 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 444 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഗോവയുടെ ഇന്നിംഗ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 357 റൺസിൽ അവസാനിക്കുകയായിരുന്നു.
Former Indian cricketer R Ashwin has praised Sarfaraz Khan for his brilliant performance for Mumbai in the Vijay Hazare Trophy. Ashwin wrote on Twitter that Sarfaraz is not knocking on the door of the Indian team, he is opening it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."