സി.സി.ടി.വി അടിച്ചുതകര്‍ത്തു, പക്ഷേ മുഖം പതിഞ്ഞു; മട്ടന്നൂരിലെ വീട്ടില്‍ നിന്ന് 10 പവനും പണവും മോഷ്ടിച്ച പ്രതി പിടിയില്‍
മട്ടന്നൂര്‍: എടയന്നൂര്‍ തെരൂര്‍ പാലയോടില്‍ വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍. പാലക്കാട് അലനെല്ലൂര്‍ സ്വദേശി അളിയന്‍ നവാസ് എന്ന എം. നവാസ്(55)ആണ് അറസ്റ്റിലായത്. കാട്ടിക്കുളത്ത് വച്ചാണ് മട്ടന്നൂര്‍ പൊലിസ് ഇയാളെ പിടികൂടിയത്. തെരൂര്‍ പാലയോട്ട് പൗര്‍ണമിയില്‍ ടി. നാരായണന്റെ വീട്ടിലായിരുന്നു കവര്‍ച്ച.
കഴിഞ്ഞ ഡിസംബര്‍ 22ന് വീട് പൂട്ടി നാരായണന്‍ മകളുടെ ബംഗളൂരുവിലെ വീട്ടില്‍ പോയതായിരുന്നു. ഡിസംബര്‍ 28ന് രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപൊളിച്ച് കവര്‍ച്ച നടത്തിയതായി കണ്ടത്. ഡിസംബര്‍ 22ന് വീട് നിരീക്ഷിക്കാന്‍ എത്തിയ പ്രതി മണിക്കൂറുകളോളം നിരീക്ഷിച്ച് മടങ്ങി പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം 23ന് അര്‍ധരാത്രിയില്‍ 12 ഓടെ കൈവശമുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ മുന്‍വശത്തുള്ള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി. പ്രതിയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ക്യാമറ കണ്ടതോടെ പ്രതി ഇത് തകര്‍ത്തിരുന്നു. തുടര്‍ന്ന് നാലുമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച് 24ന് പുലര്‍ച്ചയാണ് മോഷണ മുതലുമായി പ്രതി രക്ഷപ്പെട്ടത്. ശേഷം കര്‍ണാടകയിലും കേരളത്തിലുമായി വിവിധയിടങ്ങളില്‍ യാത്ര ചെയ്ത് ലോഡ്ജ്കളില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.
സ്വര്‍ണം വില്‍പ്പന നടത്തി എന്നാണ് പൊലിസിന് ലഭിച്ച വിവരം. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലിസ് അറിയിച്ചു.
നിരവധി സി.സി.ടി.വി ദൃശ്യങ്ങളും, പ്രതിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് പിന്തുടര്‍ന്നുള്ള അന്വേഷണവുമാണ് വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചത്. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എം.വി ബിജുവിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.പി ലിനേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവം നടന്ന വീടിന്റെയും പരിസര പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറകള്‍ പരിശോധിച്ചു ശാസ്ത്രീയമായ രീതിയില്‍ തെളിവുകള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ പുതുവത്സര ദിനത്തില്‍ തന്നെയാണ് പ്രതി നവാസ് കാട്ടികുളത്ത് വച്ച് പിടിയിലാവുന്നത്.
Police have arrested a man accused of breaking into a house at Therur Palayode in Mattannur and stealing 10 sovereigns of gold and ₹10,000 in cash. The accused has been identified as M. Navas (55), also known as Aliyan Navas, a native of Alanallur in Palakkad. He was arrested by Mattannur Police from Kattikulam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."