മെഡിക്കല്‍ കോളജിനായി നവകേര സദസില്‍ 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്,സി ടി സ്‌കാനിങ് മെഷിനിനായി പര്‍ച്ചേസ് ഓര്‍ഡറും പോയി; ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഒ.ആര്‍ കേളു
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന് അനുവദിച്ച ഫണ്ട് വകമാറ്റിയതില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം തള്ളി മന്ത്രി ഒ.ആര്‍ കേളു. മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ സിടി സ്‌കാനിങ് മെഷിനിനായി പര്‍ച്ചേസ് ഓര്‍ഡര്‍ പോയിട്ടുണ്ട്. ഏഴ് കോടി രൂപ ഇതിനായി നവ കേരള സദസിലൂടെ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബജറ്റ് അലോക്കേഷനില്‍ നേരത്തെ വകയിരുത്തിയ തുക കാട്ടേരിക്കുന്നിലെ പാലത്തിന് വക മാറ്റിയതെന്ന് മന്ത്രി വിശദീകരിച്ചു. നവകേരള ദസില്‍ പദ്ധതിക്കായി തുക അനുവദിച്ചതിന്റെ പകര്‍പ്പും മന്ത്രി പുറത്തുവിട്ടു. വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള പ്രൊപ്പോസല്‍ പ്രകാരം 7 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് എന്ന് ഉത്തരവിലുണ്ട്.

സിടി സ്‌കാനറിനായി അനുവദിച്ചിട്ടുള്ള തുക പാലം നിര്‍മാണത്തിനായി വകമാറ്റിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. 1.5 കോടി രൂപ തലപ്പുഴ പാലം നിര്‍മ്മാണത്തിന് അനുവദിച്ചത് കാണിച്ചു ള്ള ഉത്തരവിന്റെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി എത്തിയത്.
2025-26 വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ ഭരണാനുമതിയില്ലാത്ത മരാമത്ത് പ്രവൃത്തികള്‍ ക്രമനമ്പര്‍ 1032 ആയി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പിനെ നിര്‍വ്വഹണ വകുപ്പാക്കി 1.5 കോടി രൂപ അടങ്കല്‍ തുകയും 20% പ്രൊവിഷനും അനുവദിച്ച 'വയനാട് മെഡിക്കല്‍ കോളജിന് സിടി സ്‌കാനര്‍' എന്ന പ്രവൃത്തിയ്ക്കും ക്രമ നമ്പര്‍ 2902 ആയി ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പിനെ നിര്‍വ്വഹണ വകുപ്പാക്കി 1 കോടി രൂപ അടങ്കല്‍ തുകയും 20% പ്രൊവിഷനും അനുവദിച്ച ' തൊണ്ടര്‍നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ കെട്ടിടം' എന്ന പ്രവൃത്തിയും റദ്ദ് ചെയ്ത് പ്രസ്തുത പ്രവൃത്തികള്‍ക്ക് വകയിരുത്തിയ ആകെ തുകയായ 2.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിനെ നിര്‍വ്വഹണ വകുപ്പാക്കി ' തലപ്പുഴ-കാട്ടേരിക്കുന്ന് പാലം നിര്‍മാണത്തിന് വകയിരുത്തി ഭേദഗതി വരുത്തിയതായി കാണിച്ചുള്ള ഉത്തരവാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."