ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രഘട്ടങ്ങള്‍
ഹദീസുകള്‍ ഇസ്‌ലാമിന്റെ രണ്ടാം അടിസ്ഥാനപ്രമാണമാണ്. ഇസ്‌ലാമികവിശ്വാസാനുഷ്ഠാനങ്ങളുടെയും നിയമസംഹിതകളുടെയും വിശുദ്ധഖുര്‍ആനിന്റെയും ആഴമറിയണമെങ്കില്‍ ഹദീസുകളില്‍ അവഗാഹം ഉണ്ടാവണം. ഖുര്‍ആനിനൊപ്പം തിരുചര്യകൂടി നന്നായി മനസ്സിലാക്കിയാലേ യഥാര്‍ത്ഥമുസ്‌ലിമാകാന്‍ കഴിയൂ. 'ലാ ഇലാഹ ഇല്ലല്ലാഹി'യുടെ വിശദാംശങ്ങളറിയാന്‍ മുഹമ്മദ് റസൂലുല്ലാഹി(സ)യുടെ ജീവിതമാതൃകയിലും അതിന്റെ മഹനീയതയിലും ഉള്‍കാഴ്ച വേണ്ടതുണ്ട്. അനിവാര്യമായും പഠിക്കേണ്ട ആ മാതൃകകളാണ് ഹദീസ് വിജ്ഞാനത്തിന്റെ മര്‍മം. അതവഗണിച്ചു കൊണ്ട് ഒരാള്‍ക്കും പൂര്‍ണമുസ്‌ലിം ആകാനാവില്ല.
നബി(സ)യുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണല്ലോ സാങ്കേതികമായി ഹദീസുകളിലുള്‍പ്പെടുന്നത്. സുന്നത്ത് എന്നത് അതിന്റെ പര്യായമത്രെ. നബിതിരുമേനി ജീവിതത്തിന്റെ വിവിധമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചതും അംഗീകരിച്ചതും സംസാരിച്ചതുമൊക്കെ ഹദീസുകളായി സമാഹരിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ തിരുനബി(സ)യുടെ സമ്പൂര്‍ണമായ പരിശുദ്ധജീവിതമാണ് ഹദീസ്.
നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ആ മാതൃക അനിവാര്യമായും പിന്തുടരപ്പെടണം. ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച പല മഹാന്‍മാരുടെയും ജീവിതം നബിതങ്ങളുടെ ജീവിതത്തെപ്പോലെ തുറന്നപുസ്തകമായിരുന്നില്ല. അവക്ക് ആഴവും പരപ്പും വളരെ കുറവായിരുന്നു. പലകാര്യങ്ങളും പലര്‍ക്കും മൂടിവെക്കപ്പെടേണ്ടതുണ്ടായിരുന്നു. അവര്‍ക്കെല്ലാം ജീവിതത്തിന് ഉള്ളും പുറവുമുണ്ടായിരുന്നു. ഉയര്‍ത്തിക്കാണിക്കാവുന്ന ചില നന്‍മകള്‍ ഉണ്ടായിരുന്നെങ്കിലും നബി(സ)യുടേതു പോലെ സമൂലം രേഖപ്പെടുത്തപ്പെട്ട തുറന്ന ജീവിതസാകല്യം അവര്‍ക്കുണ്ടായിരുന്നില്ല. സൂക്ഷ്മവും സ്ഥൂലവുമായ മുഴുവന്‍കാര്യങ്ങളും രേഖപ്പെടുത്തപ്പെടുകയും അതപ്പടി ഒരു വിജ്ഞാനശാഖ തന്നെയാവുകയും ചെയ്ത മറ്റൊരു മഹദ്ജീവിതവും നബിയെപ്പോലെ ലോകത്തുണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല.
ഖുര്‍ആന്‍ പാരായണം ചെയ്തുകൊടുത്ത് അതിലെ ദൈവികനിയമവിധികള്‍ പ്രായോഗികമായി കാണിച്ചുകൊടുത്തുകൊണ്ടായിരുന്നു നബി(സ) ജീവിച്ചത്. എന്താണ് ഇസ്‌ലാം എന്നു ചോദിച്ചാല്‍ പരിശുദ്ധരായ സ്വഹാബികളുടെ ജീവിതത്തെ ചൂണ്ടിക്കാണിച്ചുക്കൊടുക്കാന്‍ മാത്രം ഉയര്‍ന്ന നിലവാരത്തില്‍ അവരെ അടിമുടി സംസ്‌കരിച്ചെടുക്കുകയായിരുന്നു നബി(സ) ചെയ്തത്.ഇസ്‌ലാമിന്റെ ദൈവികാടിത്തറയുടെ ഒരു തെളിവാണിത്. ബുദ്ധിജീവികള്‍ ഈ പ്രത്യേകത നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പരിശുദ്ധഖുര്‍ആന്‍ 14 നൂറ്റാണ്ടിലധികമായി യാതൊരു കലര്‍പ്പും കുറവുമില്ലാതെ സംശുദ്ധമായി നിലനിന്ന ഗ്രന്ഥമാണെന്ന (ജീവിതത്തിലെ മുഴുസംഭവഗതികളും നിസ്സാരമായ വിശദാംശങ്ങള്‍ പോലും ഭദ്രമായും സൂക്ഷ്മമായും രേഖപ്പെടുത്തപ്പെട്ട ചരിത്രപുരുഷനാണ് പ്രവാചകനായ മുഹമ്മദ്(സ) എന്ന് അതിനോടനുബന്ധമായി ഞാന്‍ പറഞ്ഞുകൊള്ളട്ടെ.)
ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അവന്റെ ദൈനംദിനജീവിതത്തിലേക്കാവശ്യമായ വിശ്വാസാനുഷ്ഠാനങ്ങളും ആരാധനാകര്‍മങ്ങളും നബി(സ)യില്‍ നിന്നാണ് പഠിക്കേണ്ടത്. 'സല്ലൂ കമാ റഅയ്തുമൂനീ ഉസ്വല്ലീ...' (ഞാന്‍ നമസ്‌കരിച്ചതെങ്ങിനെയാണോ കണ്ടത്, അതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക) എന്നത് അതിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു ഹദീസാണ്. ''വമാ യന്‍ത്വിഖു അനില്‍ ഹവാ ഇന്‍ ഹുവ ഇല്ലാ വഹ് യുന്‍ യൂഹാ'(തന്നിഷ്ടപ്രകാരം നബി ഒന്നും സംസാരിക്കില്ല, അവിടുന്ന് പറയുന്നതൊക്കെ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും) ഈ ഖുര്‍ആനികവചനം തിരുചര്യയുടെ വിശുദ്ധിയെയും അടിവരയിടുന്നു. ഇതംഗീകരിക്കുന്ന മുസ്‌ലിമിന് ഖുര്‍ആന്‍പഠനത്തോടൊപ്പം ഹദീസ്പഠനവും അനിവാര്യമാകുന്നതാണ്. എന്നാല്‍ ഹദീസുകളുടെ സാധുതയും സത്യാത്മകതയും അതതിന്റെ സനദ്, മറ്റു നിബന്ധനകള്‍ എന്നിവ കൂടി അറിഞ്ഞ് ഉള്‍കൊള്ളണം.
പ്രവാചകജീവിതം നേരില്‍ കണ്ട പരിശുദ്ധരായ അനുയായികള്‍ മുഴുനേരവും നബി(സ)യുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹിക്കുകയും അവിടുത്തെ ഹര്‍കാത്ത് സകനാത്തുകള്‍ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ആ വിശുദ്ധജീവിതം പഠനവിധേയമാക്കുകയും സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. നബി(സ)യുടെ മൊഴികള്‍ ഹൃദിസ്ഥമാക്കി. അവയുടെ പ്രാമാണികത നഷ്ടപ്പെടാതിരിക്കാന്‍ മറ്റുള്ളവര്‍ക്കും തലമുറകള്‍ക്കും അതു പഠിപ്പിച്ചുകൊടുത്തു. തെറ്റുകളും അബദ്ധങ്ങളും വന്നുപോവാതെ വളരെ സൂക്ഷ്മമായി അവരത് കൈകാര്യംചെയ്തു. ഗവേഷണബുദ്ധിയോടെ ആധികാരികത ചോരാതെ അവ ക്രോഡീകരിക്കാന്‍ പില്‍ക്കാല തലമുറകള്‍ യത്‌നിച്ചു. അന്ത്യനാള്‍വരെ അതിന്റെ വിശുദ്ധിയും പ്രമാണസ്വഭാവവും നിലനില്‍ക്കാന്‍ യത്‌നിച്ച മഹത്തുക്കളുടെ ഈ കര്‍മകാണ്ഡം ഹദീസ്‌വിജ്ഞാനശാഖയായി ഉരുത്തിരിഞ്ഞു.

ഹദീസുകളുടെ ക്രോഡീകരണം
വിശുദ്ധഖുര്‍ആനിന്റെ ആശയവും വചനങ്ങളും സമ്പൂര്‍ണമായും ദൈവികമാണ്. ഹദീസുകളുടെ ആശയം ദൈവികമാണെങ്കിലും വാചകങ്ങള്‍ നബിയുടെതായിരിക്കും. എന്നാല്‍ നബിയുടെ വാക്കിനും പ്രവൃത്തിക്കും അംഗീകാരത്തിനും ദൈവികമായ അംഗീകാരവും പവിത്രതയും വിശുദ്ധിയും ഉപരിയായി ഉണ്ട്. അതിനാല്‍ ദൈവികാംഗീകാരമുള്ള ഹദീസുകള്‍ ഖുര്‍ആന്‍പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ആദ്യകാലത്ത് ഖുര്‍ആന്‍ മാത്രമായിരുന്നു രേഖപ്പെടുത്തിവെച്ചിരുന്നത്. തുടക്കത്തില്‍ ഹദീസുകള്‍ രേഖപ്പെടുത്തുന്നതിനെതിരുനബി(സ) നിരുത്സാഹപ്പെടുത്തിയിരുന്നതായിക്കാണാം. ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ''ഞാന്‍ പറയുന്നതൊന്നും നിങ്ങള്‍ എഴുതിവെയ്ക്കരുത്. ആരെങ്കിലും ഖുര്‍ആന്‍ അല്ലാത്ത ഞാന്‍ പറഞ്ഞ വല്ലതും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് മായ്ച്ചുകളയുക...''''
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ് ഹദീസ്‌ക്രോഢീകരണം തുടങ്ങിയതെന്ന വാദവുമായി ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ക്രോഢീകരണം പോലെയല്ല
ഹദീസ്‌ക്രോഢീകരണത്തിന്റെ ചരിത്രം.
ആദ്യകാലത്ത് നബി(സ) നിരുത്സാഹപ്പെടുത്തിയ ഹദീസ് പകര്‍ത്തിയെഴുത്ത് അവസാനകാലത്ത് അനുവദിച്ചിരുന്നു. കാരണം, വിശുദ്ധഖുര്‍ആനുമായി സ്വഹാബികള്‍ നന്നായി അടുക്കുകയും അതിന്റെ ശൈലിയും സ്വഭാവവും പരിചയിച്ച് ധാരാളം പേര്‍ അത് കൃത്യമായി ഹൃദിസ്ഥമാക്കിക്കഴിയുകയും ഇനി ഖുര്‍ആനും ഹദീസും തമ്മില്‍ കലരാന്‍ സാധ്യതകള്‍ കുറവാണ് എന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴായിരുന്നു നബി(സ) ഹദീസ് എഴുതിവെയ്ക്കുന്നതിനുള്ള വിലക്ക്‌നീക്കിയത്. വിലക്ക് നീക്കിയപ്പോള്‍ സ്വഹാബിമാര്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. ഹദീസ് ക്രോഡീകരണത്തിന്റെ പ്രഥമ ഘട്ടമായിരുന്നു ഇത്.
പ്രവാചകാനുയായികളുടെ പിന്‍ഗാമികളായ താബിഉകളുടെ ജീവിതകാലമാണ് മൂന്നാംഘട്ടം. ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള കാലഘട്ടമാണിത്. ഹദീസ് വിജ്ഞാനശാസ്ത്രത്തിന്റെ നാലാംഘട്ടമായി അറിയപ്പെടുന്നത് ഹിജ്‌റ 201 മുതല്‍ 300 വരെയുള്ള താബിഉത്താബിഉകളുടെ കാലഘട്ടമാണ്. ഹദീസ്‌ക്രോഢീകരണം ഒരു സമ്പൂര്‍ണഗതി പ്രാപിക്കുകയും ശ്രദ്ധേയമായ പല ഹദീസ്ഗ്രന്ഥങ്ങളുടെയും രചനകളുണ്ടാവുകയും ചെയ്ത പ്രത്യേകകാലഘട്ടമാണിത്. ഹദീസ്‌സാഹിത്യത്തിനും ശാസ്ത്രത്തിനും എക്കാലത്തെയും മുതല്‍കൂട്ടായ സ്വിഹാഹുസ്സിത്തയുടെ ആവിഷ്‌കരണങ്ങള്‍ നടന്നുവെന്നതാണ് ഈ കാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത.
ഹിജ്‌റ 301 മുതല്‍ 400 വരെയുള്ള കാലഘട്ടമാണ് അഞ്ചാംഘട്ടം. സുനനുദ്ദാറഖുത്വ്‌നീ, സുനനുല്‍ ബൈഹഖീ മുതലായ ഹദീസ് സമാഹാരങ്ങള്‍ ഇക്കാലത്തു പുറത്തുവന്നു. ഹദീസ് ക്രോഢീകരണത്തോടൊപ്പം നിവേദകന്‍മാരുടെ ജീവചരിത്രം സസൂക്ഷ്മം പഠനവിധേയമാക്കുകയും പരിശോധിക്കുകയും അപാകതകളോ പിഴവുകളോ കണ്ടാല്‍ വേര്‍തിരിച്ചു മാറ്റിനിര്‍ത്തി കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് പില്‍കാലപണ്ഡിതന്‍മാര്‍ ഈ രംഗത്ത് ഇടപെട്ടത്.
(തുടരും)
What is Hadith? Learn about the second source of Islamic law, consisting of the words, actions, and approvals of Prophet Muhammad (PBUH). Explore the importance of Hadith in understanding the Quran and its meticulous compilation history throughout Islamic history.
Archive Note : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."