ഇൻഡോറിൽ കാർ ട്രക്കിലിടിച്ച് മൂന്ന് മരണം; മരിച്ചവരിൽ മുൻ മന്ത്രിയുടെ മകളും കോൺഗ്രസ് വക്താവിന്റെ മകനും
ഇൻഡോർ:മധ്യപ്രദേശിലെ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ എംഎൽഎയുമായ ബാല ബച്ചൻ്റെ മകളും കോൺഗ്രസ് വക്താവിൻ്റെ മകനുമടക്കം മൂന്ന് പേർ ഇൻഡോറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലോടെ തേജാജി നഗർ ബൈപ്പാസിലെ രാലമണ്ഡലിന് സമീപമാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൻ്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ മരണപ്പെട്ടവർ എംഎൽഎയും മുൻ മന്ത്രിയുമായ ബാല ബച്ചൻ്റെ മകൾ പ്രേർണ ബച്ചൻ,സംസ്ഥാന കോൺഗ്രസ് വക്താവ് ആനന്ദ് കസ്‌ലിവാലിൻ്റെ മകൻ പ്രഖർ കസ്‌ലിവാൽ,മൻസിന്ദു എന്നിവരാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു പ്രേർണ.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനുഷ്‌ക രഥി എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
മദ്യപിച്ചുള്ള ഡ്രൈവിംഗ് അപകടകാരണമെന്ന് പൊലിസ്
പ്രഖർ കസ്‌ലിവാലിൻ്റെ ജന്മദിനം ആഘോഷിച്ച ശേഷം സുഹൃത്തുക്കൾ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഖർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നതായും ഇതാണ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിന് പിന്നിൽ ഇടിക്കാൻ കാരണമായതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലിസ് വ്യക്തമാക്കി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അന്വേഷണം പുരോഗമിക്കുന്നു
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. മുൻ മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. യുവതലമുറയിലെ വാഗ്ദാനങ്ങളായ മക്കളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ കേന്ദ്രങ്ങളെയും കുടുംബങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."