വയനാടിനെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി, കൂടെ പ്രിയങ്കയും; ആവേശക്കടലായി റോഡ് ഷോ
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി വയനാട്ടില്‍. വയനാട് യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. കൂടെ സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ട്. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമര്‍പ്പണം. ഇരുവരും മേപ്പാടിയില്‍ നിന്ന് തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കല്‍പ്പറ്റയിലേക്ക് നീങ്ങുകയാണ്.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോ സിവില്‍സ്റ്റേഷന്‍ പരിസരത്ത് അവസാനിപ്പിക്കും. ഇതിന് ശേഷം വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കും. രാഹുലിനെ കാത്ത് വന്‍ ജനാവലിയാണ് കല്‍പ്പറ്റിയിലെത്തിയത്.
മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് ഇരുവരും എത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്‌ഷോയില്‍ രാഹുലിനൊപ്പമുണ്ട്.
മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ ശക്തി തെളിയിക്കാന്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുലിന്റെ കല്‍പ്പറ്റയിലെ റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഒന്‍പതും പ്രിയങ്ക ഗാന്ധിയുടെ ഏഴും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടക്കുമെന്നാണ് വിവരം. കെ.പി.സി.സി നല്‍കിയ സ്റ്റാര്‍ ക്യാമ്പയിനര്‍ പട്ടികയിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പരിപാടി തീരുമാനിക്കുന്നത് എ.ഐ.സി.സിയാണെങ്കിലും ഘടകകക്ഷികള്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി, കൊല്ലം, കോട്ടയം മണ്ഡലങ്ങളില്‍ നിര്‍ബന്ധമായും ഇവരില്‍ ഒരാള്‍ എത്തണമെന്ന അഭ്യര്‍ഥന കെ.പി.സി.സി മുന്നോട്ട് വച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."