അടുത്തത് പുട്ടിനോ? വെനിസ്വേലൻ മോഡൽ നടപടി റഷ്യയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്
വെനിസ്വേലയിൽ നടത്തിയ 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' (Operation Absolute Resolve) മാതൃകയിൽ പുട്ടിനെ പിടികൂടാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, "അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല" എന്നായിരുന്നു ട്രംപിന്റെ മറുപടി. പുട്ടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അത് തുടരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
യുദ്ധം നീണ്ടുപോകുന്നതിൽ നിരാശ
യുക്രെയ്ൻ യുദ്ധം ഇത്രയും കാലം നീണ്ടുപോകുന്നതിൽ ട്രംപ് കടുത്ത നിരാശ പ്രകടിപ്പിച്ചു. ഇതിനോടകം എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും, യുക്രെയ്ൻ വിഷയം താരതമ്യേന എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നായിരിക്കുമെന്നാണ് താൻ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രെയ്‌നും ഉടൻ തന്നെ ഒരു ഒത്തുതീർപ്പിലെത്തുമെന്ന് കരുതുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സെലൻസ്കിയുടെ പ്രസ്താവനയും പശ്ചാത്തലവും
മഡുറോയുടെ അറസ്റ്റിന് പിന്നാലെ, അടുത്ത ഊഴം പുട്ടിന്റേതാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി സൂചിപ്പിച്ചിരുന്നു. ഒരു ഏകാധിപതിയോട് ഇങ്ങനെയാണ് പെരുമാറേണ്ടതെങ്കിൽ അടുത്തതായി എന്തുചെയ്യണമെന്ന് അമേരിക്കയ്ക്ക് അറിയാം എന്നായിരുന്നു സെലൻസ്കിയുടെ പരാമർശം. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് ട്രംപ് ഇപ്പോൾ പ്രതികരിച്ചത്.
ജനുവരി 3-ന് കാരക്കാസിൽ നടത്തിയ മിന്നൽ നീക്കത്തിലൂടെ മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മഡുറോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതി (ICC) പുട്ടിനെതിരെ നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.മഡുറോയുടെ അറസ്റ്റിന് ശേഷം വെനസ്വേലയിലെ എണ്ണ ശേഖരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ട്രംപ് എണ്ണ കമ്പനികളുമായി ചർച്ചകൾ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."