പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില
ഭോപ്പാൽ: പശു ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ക്യാൻസർ ചികിത്സ വികസിപ്പിക്കാനെന്ന പേരിൽ മധ്യപ്രദേശ് സർക്കാർ അനുവദിച്ച കോടികളുടെ ഫണ്ടിൽ വൻ അഴിമതി നടന്നതായി റിപ്പോർട്ട്. ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ 2011-ൽ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് ഇപ്പോൾ സാമ്പത്തിക ക്രമക്കേടുകളുടെ നിഴലിലായിരിക്കുന്നത്. 3.5 കോടി രൂപയുടെ സർക്കാർ ഫണ്ടിൽ വലിയൊരു ഭാഗം ചാണകവും ഗോമൂത്രവും വാങ്ങാനെന്ന പേരിൽ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഗവേഷണത്തിനായി വാങ്ങിയ അടിസ്ഥാന സാമഗ്രികളുടെ വിലയിലാണ് ഉദ്യോഗസ്ഥർ വൻ അട്ടിമറി നടത്തിയത്. ചാണകം, ഗോമൂത്രം, ഇവ സൂക്ഷിക്കാനുള്ള പാത്രങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയ്ക്കായി 2011 മുതൽ 2018 വരെയുള്ള കാലയളവിൽ 1.92 കോടി രൂപ ചെലവാക്കിയതായാണ് കണക്കുകൾ. എന്നാൽ നിലവിലെ വിപണി നിരക്കനുസരിച്ച് ഇതിന് പരമാവധി 15 മുതൽ 20 ലക്ഷം രൂപ മാത്രമേ ചെലവ് വരൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
സാധനങ്ങൾ എത്തിക്കുന്നതിനും മറ്റുമായി വിവിധ നഗരങ്ങളിലേക്ക് നടത്തിയ യാത്രകൾക്കും വിമാന സർവീസുകൾക്കുമായി വലിയ തുക ചിലവഴിച്ചതായും ആരോപണമുണ്ട്. പദ്ധതിക്കായി എട്ട് കോടി രൂപയാണ് സർവകലാശാല ആവശ്യപ്പെട്ടതെങ്കിലും 3.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ തുകയുടെ വിനിയോഗത്തിലാണ് ഇപ്പോൾ പൊരുത്തക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ 'പഞ്ചഗവ്യ' ഉപയോഗിച്ച് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഗവേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അനുവദിച്ച ഫണ്ട് അഴിമതിക്കായി വകമാറ്റിയെന്നുമാണ് ആരോപണം. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടരുകയാണ്.
Reports have emerged alleging a multi-crore scam involving research into cancer treatments derived from cow products. According to the allegations, corrupt practices were carried out under the pretext of scientific research, where materials like cow dung and urine were reportedly purchased or billed at ten times their actual market price. This has sparked a major controversy regarding the misuse of research funds and the lack of transparency in projects centered on traditional medicine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."