സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ
ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ സർക്കാർ സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽപ്പെട്ടതോടെ പിടിയിലായി. മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ തൻവീർ ദോഡ്മാനി, ലക്ഷ്മി കരിയപ്പനവർ എന്നിവരെയാണ് കരീം മേസ്ത്രി എന്നയാൾ തട്ടിക്കൊണ്ടുപോയത്. പ്രതി പൊലിസിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്.
ഉച്ചഭക്ഷണത്തിനിടെ തിരോധാനം
തിങ്കളാഴ്ച ഉച്ചഭക്ഷണ ഇടവേളയിലാണ് ധാർവാഡിലെ സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് കുട്ടികളെ കാണാതായത്. ഇടവേളയ്ക്ക് ശേഷം കുട്ടികൾ ക്ലാസിലെത്താതിരുന്നതോടെ അധ്യാപകരും രക്ഷിതാക്കളും തിരച്ചിൽ ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ പൊലിസ് വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
നാടകീയമായ വഴിത്തിരിവ്
ധാർവാഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളുമായി കടന്നുകളഞ്ഞ പ്രതി ഉത്തര കന്നഡയിലെ ദണ്ഡേലിക്ക് സമീപം വെച്ച് ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ പ്രതിയെയും പരിക്കേറ്റ രണ്ട് കുട്ടികളെയും കണ്ട നാട്ടുകാർ ഉടൻ പൊലിസിനെ വിവരമറിയിച്ചു. ദണ്ഡേലി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ വിവരം പുറത്തറിയുന്നത്.
പ്രതിയുടെ മൊഴി
ഉലവി ചെന്നബസവേശ്വര ജാത്ര കാണിക്കാൻ കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടികളെ ബൈക്കിൽ കയറ്റിയതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. അപകടത്തിൽ പരിക്കേറ്റ പ്രതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ സുരക്ഷിതമായി ധാർവാഡിലെത്തിച്ച് രക്ഷിതാക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
in a dramatic turn of events, two primary school students kidnapped from dharwad were rescued after the kidnapper's bike crashed near dandeli. the suspect, karim mestri, is under police custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."