കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം
കോട്ടയം: മുന്നണിമാറ്റം സംബന്ധിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയെങ്കിലും നാളെ നടക്കുന്ന പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം നിർണായകമായേക്കും. ജോസ് അടക്കമുള്ളവർക്ക് മുന്നണി വിടണമെന്ന താൽപര്യം ഉണ്ടെന്നാണ് വിവരം. എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ്റെയും റാന്നി എം.എൽ.എ പ്രമോദ് നാരായണൻ്റെയും എതിർപ്പാണ് തടസം. സ്റ്റിയറിങ് കമ്മിറ്റിയിൽ ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണത്രേ ജോസ് അടക്കമുള്ളവർ.
മുന്നണി മാറ്റം സംബന്ധിച്ച വാർത്തകളോട് പരസ്യമായി പ്രതികരിച്ചതും റോഷിയും പ്രമോദും മാത്രമാണ്. അതിനുശേഷമാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. മലയോര മേഖലയിലെ വന്യജീവി ആക്രമണം, റബർ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലെ സർക്കാർ നിലപാടിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉണ്ടായിരുന്നു. ക്രൈസ്തവ സഭകളും ഇക്കാര്യത്തിൽ പ്രതിഷേധിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പാർട്ടിക്കുള്ളിലും സഭകളിൽ നിന്നും സമ്മർദം ഏറി. ഇതേ തുടർന്നാണ് മുന്നണി വിടുന്നതിന് ജോസ് ശ്രമം ശക്തമാക്കിയത്. അതിന് റോഷിയും പ്രമോദും തടയിട്ടതോടെയാണ് ജോസ് പിന്മാറിയത്. പാലാ സീറ്റ് നൽകുന്നതൊഴിച്ച് എന്തിനും തയാറാണെന്ന് മാണി സി. കാപ്പൻ പ്രഖ്യാപിച്ചതും ജോസിൻ്റെ വഴിയടച്ചു. ഈ സാഹചര്യത്തിലാണ് ഇടതിനൊപ്പം എന്ന നിലപാട് ജോസ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ ഇടതു മുന്നണിക്കും പൂർണ വിശ്വാസമില്ല. അതിനാൽ ജോസ് പോയാൽ റോഷിയെയും പ്രമോദിനെയും ഒപ്പം നിർത്തി കേരള കോൺഗ്രസ് എമ്മിനെ പിളർത്താമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. അതേസമയം, ഇനിയൊരു പിളർപ്പ് ഒഴിവാക്കി മറുകണ്ടം ചാടാനാണ് ജോസിൻ്റെ ശ്രമം. അതിനായാണ് റോഷിയെയും പ്രമോദിനെയും അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. അത്തരമൊരു നീക്കത്തിനാണ് യു.ഡി.എഫും കാക്കുന്നത്. അതിന് സ്റ്റിയറിങ് കമ്മിറ്റി വേദിയാകുമെന്ന പ്രതീക്ഷയിലാണ് അവർ. അതിനിടെ, മാണി കോൺഗ്രസിനെ ഇടത് പാളയത്തിൽ എത്തിക്കാൻ കരുനീക്കിയ മന്ത്രി വി.എൻ വാസവൻ ജോസിനെ നേരിൽക്കണ്ടു ചർച്ച നടത്തും. ഭിന്നശേഷി സംവരണം, കെ.എം മാണി ഫൗണ്ടേഷന് സ്ഥലം തുടങ്ങിയ ദീർഘകാല ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത് അവഗണിക്കാൻ അവർക്ക് കഴിയില്ലെന്നും എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.
the kerala congress (m) may decide on a front change after a crucial steering committee meeting tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."