ദ്രാവിഡിനെ പോലെ രാജ്യത്തിനായി എന്തും ചെയ്യാൻ ആ താരം തയ്യാറാണ്: കൈഫ്
ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യൻ ഇതിഹാസ താരമായ രാഹുൽ ദ്രാവിഡിന് ശേഷം താൻ കണ്ട
നിസ്വാർത്ഥനായ താരമാണ് രാഹുലെന്നാണ് കൈഫ് പറഞ്ഞത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ രാഹുലിന്റെ ക്യാപ്റ്റന്സിയെക്കുറിച്ചും കൈഫ് സംസാരിച്ചു.
''സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ ശുഭ്മൻ ഗില്ലിന് പരുക്കേറ്റു. അന്ന് രാഹുൽ ക്യാപ്റ്റൻ ആയിരുന്നു. ടീമിനെ പരമ്പര വിജയത്തിലേക്ക് നയിച്ചു. ടെസ്റ്റിൽ അദ്ദേഹം ഓപ്പണർ, ഏകദിനത്തിൽ സ്ഥാനം മാറി ഇറങ്ങി, സ്ലിപ്പിൽ ഫീൽഡിങ്ങും അദ്ദേഹം ചെയ്തു. രാജ്യത്തിനായി എന്ത് വേണമെങ്കിലും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. മുമ്പ് രാഹുൽ ദ്രാവിഡും ഇങ്ങനെയായിരുന്നു. രാഹുൽ ദ്രാവിഡിന് ശേഷം ഞാൻ കണ്ട നിസ്വാർത്ഥനായ താരമാണ് രാഹുൽ'' കൈഫ് പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ രാഹുൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 92 പന്തിൽ നിന്നും പുറത്താവാതെ 112 റൺസ് നേടിയാണ് രാഹുൽ തിളങ്ങിയത്. 11 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ ഇന്ത്യ 118 റൺസിന് നാല് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെയാണ് രാഹുൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തിയത്.
2026ലെ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് രാഹുൽ. കിവികൾക്കെതിരെ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. എംഎസ് ധോണിയെ മറികടന്നാണ് രാഹുലിന്റെ ഈ നേട്ടം. 2009ൽ പുറത്താവാതെ 84 റൺസ് ആയിരുന്നു ധോണി നേടിയിരുന്നത്. ഏകദിനത്തിലെ രാഹുലിന്റെ എട്ടാം സെഞ്ച്വറിയാണ് രാജ്കോട്ടിൽ പിറന്നത്. ഈ സ്റ്റേഡിയത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് രാഹുൽ.
മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. ന്യൂസിലാൻഡിന് ഏഴ് വിക്കറ്റുകൾക്കാണ് ഇന്ത്യയെ വീഴ്ത്തിയത്. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാക്കാനും കിവീസിന് സാധിച്ചു. ജനുവരി 18നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം സീരിസ് സ്വന്തമാക്കും.
Former Indian cricketer Mohammad Kaif has praised Indian wicketkeeper KL Rahul. Kaif said that Rahul is the most selfless player he has seen after Indian legend Rahul Dravid. Kaif also spoke about Rahul's captaincy in the series against South Africa.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."