സപ്ലൈകോയില്‍ ജീവനക്കാരുടെ പ്രതിഷേധം; ഡെപ്യൂട്ടേഷനുകാര്‍ക്ക് ആനുകൂല്യം, തനത് ജീവനക്കാര്‍ക്ക് വിവേചനമെന്ന് പരാതി
പാലക്കാട്: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍(സപ്ലൈകോ) മാനേജ്‌മെന്റും പൊതുവിതരണ വകുപ്പും തൊഴില്‍പരമായ വിവേചനം കാണിക്കുന്നതായി ആരോപണം. ഇതില്‍ പ്രതിഷേധിച്ച് സപ്ലൈകോയിലെ തനത് സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും പണിമുടക്കിലേക്ക് നീങ്ങുന്നു. ജനുവരി 28, 29 തിയതികളില്‍ സൂചന പണിമുടക്ക് നടത്താനാണ് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂനിയന്റെ തീരുമാനം.
പതിനൊന്നാം ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് സ്വീകരിക്കുന്ന നിലപാടാണ് പ്രധാന പ്രതിഷേധത്തിന് കാരണം. 2023 മെയ് മുതലാണ് സപ്ലൈകോയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. എന്നാല്‍, 2019 ജൂലൈ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള 46 മാസത്തെ ശമ്പള കുടിശ്ശിക തനത് ജീവനക്കാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് വകുപ്പിന്റെ നിലപാട്.
അതേസമയം, സ്ഥാപനത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 2021 മുതല്‍ സപ്ലൈകോയുടെ തനത് ഫണ്ട് ഉപയോഗിച്ച് ശമ്പള പരിഷ്‌കരണവും കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ഒരേ സ്ഥാപനത്തില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഇത്തരം വേര്‍തിരിവ് കാണിക്കുന്നത് നിയമവിരുദ്ധമാണെന്ന് യൂണിയന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ജോലി ചെയ്യുന്ന ദിവസവേതനക്കാരുടെ അവസ്ഥയും അതീവ ദുസ്സഹമാണ്. ഓരോ മാസത്തെയും സെയില്‍സ് കളക്ഷന്‍ അടിസ്ഥാനമാക്കിയാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള ടാര്‍ഗറ്റ് തുകയില്‍ നിന്ന് 100 രൂപ കുറഞ്ഞാല്‍ പോലും മാസം മുഴുവന്‍ ജോലി ചെയ്ത ജീവനക്കാരന് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈ അശാസ്ത്രീയമായ ടാര്‍ഗറ്റ് സംവിധാനം മൂലം പല മാസങ്ങളിലും തൊഴിലാളികള്‍ പട്ടിണിയിലാണെന്നും സമരക്കാര്‍ പറയുന്നു.
പൊതുവിതരണ, കൃഷി വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവരോട് മൃദുസമീപനം കാണിക്കുമ്പോള്‍, നേരിട്ട് നിയമനം ലഭിച്ചവരെ അവഗണിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തിലാണ് ജനുവരി 28, 29 തീയതികളില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Employees of Kerala State Civil Supplies Corporation (Supplyco) have announced a two-day strike on January 28 and 29, protesting alleged discrimination in pay revision benefits and unfair treatment between permanent, temporary, and deputation staff.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."