ഇടുക്കി മെഡിക്കല്‍ കോളജില്‍ വീണ്ടും വിദ്യാര്‍ഥി സമരം; പഠനം വഴിമുട്ടുന്നു, ഒ.ടി നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അനാസ്ഥയിലും പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്. അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുക, കാംപസിനുള്ളിലെ തകര്‍ന്ന റോഡുകള്‍ ടാറിങ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.
മൂന്ന് വര്‍ഷമായിട്ടും പഠനസൗകര്യമില്ല
ക്ലാസുകള്‍ ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് മതിയായ രീതിയിലുള്ള പഠന സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. നിലവില്‍ ജില്ലാ ആശുപത്രിയിലെ ഏക ഓപറേഷന്‍ തിയേറ്ററിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ആറ് മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
നിര്‍മ്മാണ ചുമതലയുള്ള കിറ്റ്‌കോ (KITCO) വരുത്തിയ പിഴവുകളാണ് പണികള്‍ വൈകാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൈപ്പ് ലൈന്‍ അശാസ്ത്രീയത: ഒ.ടികളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സ്ഥാപിച്ച പൈപ്പുകളുടെ സ്ഥാനം മാറിയതിനെ തുടര്‍ന്ന് അവ മാറ്റിസ്ഥാപിക്കുന്ന പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനായി 3.5 കോടി രൂപ അനുവദിച്ചിട്ടും പണി തീരാത്തതിനാല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല. തിയേറ്ററുകള്‍ക്ക് ആവശ്യമായ 11 കെവി ലൈനിന്റെ പണികളും ഇതുവരെ തുടങ്ങിയിട്ടില്ല.
തകര്‍ന്ന് തരിപ്പണമായ റോഡുകള്‍
മെഡിക്കല്‍ കോളജ് കോംപൗണ്ടിലെ റോഡുകളുടെ അവസ്ഥ അതീവ ദയനീയമാണ്. ഒരു കിലോമീറ്റര്‍ റോഡ് പണിക്കായി 16.5 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും രണ്ട് വര്‍ഷം മുന്‍പ് കരാര്‍ നല്‍കുകയും ചെയ്തതാണ്. എന്നാല്‍ കിറ്റ്‌കോയും കരാറുകാരനും തമ്മിലുള്ള തര്‍ക്കം മൂലം പണികള്‍ ഒന്നുമായില്ല. ലക്ചര്‍ ഹാള്‍ ഉള്‍പ്പെടെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങിയത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നത് വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
Students at Idukki Medical College have resumed protests citing prolonged delays in completing operation theatres, poor road conditions, and inadequate academic infrastructure despite repeated appeals to authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."