ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ലൈസൻസ്: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പിൽ തിരൂരങ്ങാടി ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; വിജിലൻസ് അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിനെ നടുക്കിയ മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പിൽ നിർണ്ണായക നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (MVI) ജോർജിനെയും ക്ലർക്ക് നജീബിനെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് ശുപാർശ നൽകി. കേരളത്തിൽ വലിയ തോതിലുള്ള ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ നടപടി.
വടക്കൻ കേരളം കേന്ദ്രീകരിച്ച് ഏജന്റുമാർ മുഖേന ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് തരപ്പെടുത്തുന്ന സംഘം സജീവമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ മൈസൂർ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ തട്ടിപ്പ് നടക്കുന്നത്.
മൈസൂരിൽ നിന്നും വ്യാജമായി സംഘടിപ്പിക്കുന്ന ലൈസൻസുകളിലെ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റുകയാണ് ഈ സംഘത്തിന്റെ രീതി. ഇതിനായി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നാണ് വിവരം. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചതായി ഗതാഗത കമ്മിഷണർ വി.എച്ച് നാഗരാജു അറിയിച്ചു. ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവരുന്നത്.
കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെയാണ് തട്ടിപ്പ് സംഘങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് താവളം മാറ്റിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വഴി ലൈസൻസ് വാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, നേരിട്ട് കർണാടകയിൽ പോകാതെയും ടെസ്റ്റിൽ പങ്കെടുക്കാതെയും ലൈസൻസ് സംഘടിപ്പിച്ചു നൽകുന്ന മാഫിയാ സംഘമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇതിന്റെ തെളിവുകൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു.
മലപ്പുറം സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ ലൈസൻസിലെ ക്രമക്കേടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുൾ അഴിഞ്ഞത്. മൈസൂർ വെസ്റ്റ് ആർടിഒ ഓഫീസിൽ നിന്നാണ് ഇയാൾക്ക് ആദ്യം ലൈസൻസ് ലഭിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 20-നായിരുന്നു മൈസൂരിലെ വിലാസത്തിൽ ഇയാൾക്ക് ലൈസൻസ് ലഭിച്ചത്. രേഖകൾ പ്രകാരം 1970-ൽ ജനിച്ച ബഷീറിന്റെ ലൈസൻസിൽ ഒരു യുവാവിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. ഇത് വലിയ ക്രമക്കേടിലേക്ക് വിരൽ ചൂണ്ടുന്നു. മൈസൂരിൽ നിന്ന് ലൈസൻസ് ലഭിച്ച് വെറും എട്ടു ദിവസത്തിനുള്ളിൽ, അതായത് ഡിസംബർ 28-ന്, ഇയാൾ വിലാസം മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ അപേക്ഷ നൽകി. ഈ അപേക്ഷയിൽ ഉദ്യോഗസ്ഥർ വഴിവിട്ട സഹായം നൽകിയതായി കണ്ടെത്തി.
മലപ്പുറത്തെ വിലാസത്തിലേക്ക് മാറ്റിയ പുതിയ ലൈസൻസിൽ ബഷീറിന്റെ യഥാർത്ഥ ചിത്രവും ഒപ്പും ഉൾപ്പെടുത്തി തിരൂരങ്ങാടി ഓഫീസിൽ നിന്ന് പുതിയ കാർഡ് നൽകി. ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇയാൾ ആധാർ കാർഡും മറ്റും ഹാജരാക്കിയത്. രണ്ടു വ്യത്യസ്ത ചിത്രങ്ങൾ പതിച്ച, മൈസൂരിലെയും മലപ്പുറത്തെയും വിലാസങ്ങളുള്ള ആധാർ കാർഡുകൾ ഇയാളുടെ പേരിൽ കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ നിരവധി പേർ കേരളത്തിൽ ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.
ജൂൺ, ജൂലൈ മാസങ്ങളിൽ തിരൂരങ്ങാടി ഓഫീസിൽ വിലാസം മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അസ്വാഭാവികമായ വേഗതയിൽ തീർപ്പുകൽപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരം അപേക്ഷകളിൽ പുതിയ ലൈസൻസ് അനുവദിച്ചത് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നു.
കേരളത്തിലെ കർശനമായ ഡ്രൈവിംഗ് പരീക്ഷയെ അട്ടിമറിച്ച് ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് പണം സമ്പാദിക്കാനുള്ള മാർഗ്ഗമായി ഇതിനെ മാറ്റിയിരിക്കുകയാണ്. യോഗ്യതയില്ലാത്തവർ റോഡിലിറങ്ങുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അപകടങ്ങൾ വർധിക്കാൻ ഇത്തരം തട്ടിപ്പ് ലൈസൻസുകൾ കാരണമാകുന്നുണ്ടെന്ന് പൊതുവേ വിമർശനമുയരുന്നുണ്ട്. മൈസൂർ വിലാസത്തിൽ ലൈസൻസ് എടുത്തവരുടെ കഴിഞ്ഞ മാസങ്ങളിലെ വിവരങ്ങൾ വിശദമായി പരിശോധിക്കാനാണ് വിജിലൻസ് തീരുമാനം.
Two officials at the Tirurangadi Sub-RTO, a Motor Vehicle Inspector (MVI) and a clerk, have been suspended following a major fake driving license scam. The racket involved obtaining fraudulent licenses from Mysuru (Karnataka) without attending driving tests and then quickly transferring them to Kerala addresses with the help of local officials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."