സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ ശ്രമമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ച മറച്ചുവയ്ക്കാന്‍ പാഴ്ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രിം കോടതിയില്‍ കേസ് വാദിക്കുന്നതിന് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച പ്രഗത്ഭനായ ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ അന്വേഷണ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ കേസ് നടപടികള്‍ ജാഗ്രതയോടെ പിന്തുടര്‍ന്നില്ല. കേസ് എന്നാണ് സുപ്രിം കോടതിയില്‍ എത്തുന്നതെന്നുപോലും സര്‍ക്കാരിന് അറിവില്ലായിരുന്നു. പുതിയസര്‍ക്കാര്‍ നിയോഗിച്ച സ്റ്റാന്റിങ് കോണ്‍സലിന് കേസില്‍ ഒന്നും ചെയ്യാന്‍ കഴിയാതെപോയി. ഗൃഹപാഠംപോലും നടത്താതെ വളരെ ലാഘവത്തിലാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കേസ് കൈകാര്യം ചെയ്തത്.
കീഴ്ക്കോടതിയില്‍ കേസ് നടത്തിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ സുപ്രിം കോടതിയില്‍ നിയോഗിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്ന വാദം സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കുന്നതിനാണ്. അതിനെക്കാള്‍ മികച്ച സംവിധാനമാണ് കേസ് നടത്തുന്നതിന് സുപ്രിം കോടതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. അത് ജാഗ്രതയോടെ പ്രവര്‍ത്തിപ്പിക്കുന്നതിലാണ് വീഴ്ച പറ്റിയത്. കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞത്. എന്നാല്‍ ആ സൂക്ഷ്മതയും ജാഗ്രതയും തട്ടിത്തെറിപ്പിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്. അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."