ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം
ഗസ്സ: ഗസ്സ മുനമ്പിന്റെ ജീവനാഡിയായ റഫ അതിർത്തി അടുത്ത ആഴ്ച മുതൽ പൂർണ്ണതോതിൽ തുറക്കുമെന്ന് ഫലസ്തീൻ ഉദ്യോഗസ്ഥൻ അലി ഷാത്ത്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയാണ് ഫലസ്തീനികൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.
ഇസ്റാഈലുമായുള്ള കടുത്ത സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി റഫ അതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. അടുത്ത ആഴ്ച മുതൽ അതിർത്തിയുടെ ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിക്കുമെന്നാണ് അലി ഷാത്ത് വ്യക്തമാക്കിയത്. "ഗസ്സയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം റഫ വെറുമൊരു കവാടമല്ല, അതൊരു ജീവനാഡിയും പുരോഗതിയുടെ പ്രതീകവുമാണ്," അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2024 മുതൽ അതിർത്തി പ്രദേശത്തിന്റെ നിയന്ത്രണം ഇസ്റാഈലിനാണ്. 2025 ഒക്ടോബറിൽ ഇസ്റാഈൽ-ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെങ്കിലും സഹായം എത്തിക്കുന്നതിനും ചികിത്സയ്ക്കായി ആളുകളെ കൊണ്ടുപോകുന്നതിനും റഫ തുറക്കുന്നത് ഇസ്റാഈൽ നിർത്തിവച്ചിരിക്കുകയായിരുന്നു. ഗസ്സയിൽ നിന്ന് ഈജിപ്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി അതിർത്തി തുറക്കുക എന്ന മുൻ നയത്തിൽ നിന്നുള്ള വലിയൊരു മാറ്റമായാണ് പുതിയ നീക്കത്തെ വിലയിരുത്തുന്നത്.
ഗസ്സ ഇനി യുദ്ധത്തിന്റേതല്ല, മറിച്ച് പ്രതീക്ഷയുടേതാണെന്ന വലിയ സൂചനയാണ് അതിർത്തി തുറക്കുന്നതിലൂടെ ലോകത്തിന് നൽകുന്നതെന്നും ഫലസ്തീൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ അതിർത്തി തുറക്കുന്ന കാര്യത്തിൽ ഇസ്റാഈൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
authorities have announced that the rafah border crossing gaza’s key lifeline will reopen from next week the move is expected to ease humanitarian access and allow movement of essential aid people and supplies amid ongoing crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."