വീട്ടുടമ വിദേശത്ത് പോയ തക്കം നോക്കി വൻ കവർച്ച: 18 കോടിയുടെ സ്വർണവും ഡയമണ്ടും കവർന്ന ദമ്പതികൾക്കായി തിരച്ചിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് വൻ കവർച്ച. ബെംഗളൂരു, മാറത്തഹള്ളിയിൽ വീട്ടുജോലിക്കാരെന്ന വ്യാജേന എത്തി വൻ കവർച്ച നടത്തിയ നേപ്പാളി ദമ്പതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി. പ്രമുഖ കോൺട്രാക്ടറുടെ വീട്ടിൽ നിന്ന് ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന സ്വർണം, ഡയമണ്ട്, വെള്ളി ആഭരണങ്ങൾ, പണവുമാണ് ദമ്പതികൾ കവർന്നത്. നേപ്പാൾ സ്വദേശികളായ ദിനേഷ്, കമല എന്നിവരെ കണ്ടെത്തുന്നതിനായി മാറത്തഹള്ളി പൊലിസ് വ്യാപകമായി തെരച്ചിൽ ആരംഭിച്ചു.
അതീവ കൃത്യതയോടെയും ആസൂത്രണത്തോടെയുമാണെന്ന് കവർച്ച നടന്നത് എന്ന് പൊലിസ് കണ്ടെത്തി. വീട്ടുടമ സുഹൃത്തുക്കൾക്കൊപ്പം ഫിലിപ്പൈൻസിലേക്ക് യാത്ര പോയ സമയത്തായിരുന്നു സംഭവം. ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടിലായിരുന്നു.
ഇവരെ കൂടാതെ വീട്ടിൽ മറ്റാരുമില്ലെന്ന് പ്രതികൾ ഉറപ്പുവരുത്തി. പുറത്തുനിന്ന് മറ്റ് ചില സഹായികളെ കൂടി എത്തിച്ചാണ് ലോക്കറുകൾ തകർത്തത്. കവർച്ചയ്ക്ക് മുന്നോടിയായി വീട്ടിലെ യുപിഎസ് സംവിധാനം ഓഫ് ചെയ്തിരുന്നു. സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഇവർ പ്രവർത്തനരഹിതമാക്കിയിരുന്നു. മുകളിലത്തെ നിലയിലെയും താഴത്തെയും കിടപ്പുമുറികളിലെ ലോക്കറുകൾ കുത്തിപ്പൊളിച്ചാണ് വിലപിടിപ്പുള്ള ഇത്രയധികം വസ്തുക്കൾ പ്രതികൾ കൈക്കലാക്കിയത്.
വെറും 20 ദിവസം മുമ്പാണ് ദിനേഷും കമലയും ഈ വീട്ടിൽ ജോലിക്കെത്തിയത്. ദിനേഷ് സുരക്ഷാ ജോലിയും കമല വീട്ടുജോലിയുമാണ് ചെയ്തിരുന്നത്. വീട്ടുകാരുടെ പൂർണ്ണ വിശ്വാസം ചുരുങ്ങിയ കാലയളവിനുള്ളിൽ നേടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.
നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന മറ്റൊരു നേപ്പാളി ദമ്പതികളായ മായ, വികാസ് എന്നിവരാണ് ഇവരെ വീട്ടുടമയ്ക്ക് പരിചയപ്പെടുത്തിയത്. എട്ടുമാസത്തോളം ഇവിടെ ജോലി ചെയ്തിരുന്ന മായയും വികാസും ഈ മാസം ആദ്യമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവരെയും നിലവിൽ പൊലിസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര കഴിഞ്ഞ് വീട്ടുടമ മടങ്ങിയെത്തിയപ്പോഴാണ് കോടികളുടെ കവർച്ച നടന്ന വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ മാറത്തഹള്ളി പൊലിസിൽ പരാതി നൽകി. പ്രതികളുടെ ദൃശ്യങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾക്കായി അതിർത്തി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Bengaluru Robbery, Marathahalli Theft Case, 18 Crore Robbery, Nepal Couple Theft, Gold and Diamond Theft Bengaluru, Bengaluru Police Search.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."