ബലി പെരുന്നാളാഘോഷം ദുരിതങ്ങളില്ലാത്ത ലോകത്തിനുള്ള പ്രാര്‍ഥനയായിരിക്കണം: സംയുക്ത ജമാഅത്ത്
കാസര്‍കോട്: ബലി പെരുന്നാള്‍ ആഘോഷം മാനവ ചരിത്രത്തിലെ ഐതിഹാസികമായ ദൈവാര്‍പ്പണ സന്നദ്ധയോട് നീതിപുലര്‍ത്തുന്ന രീതിയില്‍ ചൈതന്യപൂര്‍ണമായിരിക്കണമെന്ന് സംയുക്ത ജമാഅത്ത് ജില്ലാ കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു. നിരന്തര പ്രാര്‍ഥനയുടെ ഫലമായി വാര്‍ധക്യത്തില്‍ ലഭിച്ച അരുമ സന്താനത്തെയും അവന്റെ മാതാവിനെയും വിജനമായ മരക്കാട്ടിലുപേക്ഷിക്കാനും പിന്നീട് ആ മകനെ ബലി നല്‍കാനുമുള്ള ദൈവ കല്‍പനയെ ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെയും അതിനു സഹായകമായി വര്‍ത്തിച്ച ഇസ്മായില്‍ നബിയുടെയും ഹാജറ ബീവിയുടെയും അനശ്വര ത്യാഗത്തിന്റെ അനുസ്മരണവുമായാണു ബലിപെരുന്നാള്‍ കടന്നു വരുന്നത്.
40 ലക്ഷത്തിലധികം വിശ്വാസികള്‍ ദേശഭാഷവര്‍ണ വൈജാത്യങ്ങളില്ലാതെ വിശ്വ മാനവികത വിളംബരം ചെയ്യുന്ന അറഫാ സംഗമത്തിന്റെ പിറ്റേന്നു കടന്നു വരുന്ന പെരുന്നാള്‍ അതിരുകളില്ലാത്ത മനുഷ്യ സഹോദര്യത്തിന്റെ ആഘോഷം കൂടിയാണ്. ത്യാഗവും സ്‌നേഹവും ഒന്നു ചേര്‍ന്ന് വരുന്ന ബലി പെരുന്നാളാഘോഷം എല്ലാ വിഭാഗം മനുഷ്യര്‍ക്കും ഒരു പോലെ സന്തോഷം പകരുന്നതാകാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങളെയും സംഘടനകളെയും ശത്രുക്കളാക്കി തീര്‍ക്കുകയും കലാപങ്ങളിലേക്കു നയിക്കുകയും ചെയ്യുന്ന വിധത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം.
സമൂഹത്തിന്റെ സുസ്ഥിതിക്കു വിഘ്‌നം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നായാലും എതിര്‍ക്കാന്‍ എല്ലാവിധ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടതാണെന്നും ഇരുവരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."