അറഫാ സംഗമം സമാപിച്ചു
മക്ക: ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം അവസാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങളാണ് ആഗോള സാഹോദര്യത്തിന്റെ വിളംബരവുമായി അറഫയില്‍ ഒത്തുചേര്‍ന്നത്. അല്ലാഹുവിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് അറഫ നല്കുന്നത്. ഹജ്ജിനെ രാഷ്ട്രീയ വല്‍കരിക്കരുതെന്ന് അറഫാ സംഗമത്തെ അഭിസംബോധനം ചെയ്ത് ഹറം ഇമാം ശൈഖ് അബ്ദുറഹിമാന്‍ അല്‍ സൂദൈസ് പറഞ്ഞു.
മിനായില്‍ നിന്നും ശനിയാഴ്ച രാത്രി തന്നെ അറഫയെ ലക്ഷ്യമാക്കി നീങ്ങിയ ഹാജിമാര്‍ വൈകുന്നേരം മധ്യാഹ്ന നിസ്‌കാരത്തോടെ അറഫയില്‍ സംഗമിച്ചു.
തുടര്‍ന്ന് ളുഹ്‌റ് ബാങ്കിന് ശേഷം ആരംഭിച്ച അറഫാ സംഗമത്തിന് മസ്ജിദുന്നമിറയില്‍ ഇരു ഹറം കാര്യാലയ ഇമാം ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ഖുതുബ നിര്‍വഹിച്ചു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും തീവ്രവാദത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും അറഫാ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 18 ലക്ഷം ഹാജിമാരാണ് അറഫയില്‍ സമ്മേളിച്ചത്.
മനുഷ്യാവകാശത്തിന് ഇസ്‌ലാം അനുവദിച്ച അവകാശങ്ങള്‍ എടുത്തു പറഞ്ഞ അദ്ദേഹം പ്രവാചകന്‍ നടത്തിയ പ്രസംഗത്തിലെ ആശയങ്ങള്‍ക്കു ഊന്നല്‍ നല്‍കിയാണ് ഖുതുബ നിര്‍വഹിച്ചത്. വിവിധ ലോകരാജ്യങ്ങളിലെ ഭരണാധികാരികളും അറഫയിലെത്തിയിരുന്നു.
അറഫയില്‍ നിന്ന് സൂര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് തിരിച്ച ഹാജിമാര്‍ അവിടെ നിന്ന് കല്ലേറു കര്‍മത്തിനുള്ള കല്ലുകള്‍ ശേഖരിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാര്‍ ജംറത്തുല്‍ അഖബയില്‍ കല്ലേറ് പൂര്‍ത്തിയാക്കി, തലമുണ്ഡനം ചെയ്ത് വിശുദ്ധ വസ്ത്രം മാറും. തുടര്‍ന്ന് ത്വവാഫ് ചെയ്യാനായി തിരിച്ചു മക്കയിലേക്കു തന്നെ നീങ്ങും
സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് ചെയ്യും. തുടര്‍ന്ന് മിനയില്‍ രാപാര്‍ക്കുകയും അയ്യാമുത്തശ്‌രീകിന്റെ മൂന്നു ദിനങ്ങളില്‍ മൂന്നു ജംറകളില്‍ ഏഴു വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജിന്റെ കര്‍മത്തിന് പരിസമാപ്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."