ഗോരക്ഷാ സേനകളെ നിരോധിക്കണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: രാജ്യത്തു ഭീകരത സൃഷ്ടിക്കുന്ന എല്ലാ ഗോരക്ഷാ സമിതികളെയും നിരോധിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഗോരക്ഷയുടെ മറവില്‍ അവര്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ ഭീകരത അഴിച്ചുവിടുകയാണെന്നും മതദ്രുവീകരണത്തിനും വര്‍ഗീയത ഇളക്കിവിടുന്നതിനുമായി ഇത്തരം സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുകയാണ് ഗോരക്ഷാ സംഘമെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, ഹരിയാനയിലെ മേവാത് ജില്ലയില്‍ ബന്ധുക്കളെ കൊലപ്പെടുത്തുകയും യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. കഴിഞ്ഞമാസം 24ന് അര്‍ധരാത്രിയാണ് ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്ററില്‍ അകലെയുള്ള ഗെര്‍ഹരി ഗ്രാമത്തിലെ ജഹറുദ്ദീനെയും കുടുംബത്തെയും ഗോസംരക്ഷാദള്‍ അംഗങ്ങള്‍ ആക്രമിച്ചത്. വഴിയരികിലെ താല്‍ക്കാലിക ഷെഡില്‍ താമസിച്ചിരുന്ന ജഹറുദ്ദീന്റെ കുടുംബത്തെ മദ്യപിച്ചെത്തിയ ഗോരക്ഷാ സംഘക്കാര്‍ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെയും ബന്ധുവായ പതിമൂന്നുകാരിയെയും മാനഭാംഗപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ഇബ്രാഹീം, റാഷിദാന്‍ എന്നിവരെ അക്രമികള്‍ അടിച്ചുകൊന്നു. പിന്നീട് ജഹറുദ്ദീനെയും മറ്റുള്ളവരെയും മര്‍ദിച്ചവശരാക്കിയശേഷം ഭാര്യയെയും പെണ്‍കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്യുകായിരുന്നുവെന്നും ജഹറുദ്ദീന്റെ ഭാര്യ ഒളിക്കാന്‍ ശ്രമിച്ചെങ്കിലും ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് അക്രമികള്‍ക്ക് മുമ്പില്‍ കീഴടങ്ങേണ്ടിവന്ന സാഹച്യമാണ് ഉണ്ടായതെന്നും യെച്ചൂരി കത്തില്‍ വിശദീകരിച്ചു
.
അക്രമികളെ പിടികൂടുന്നതിന് പകരം ജഹറുദ്ദീന്റെ കുടുംബത്തിനെ അപമാനിക്കാനാണ് പൊലിസ് ശ്രമിച്ചത്. മൊഴിയെടുക്കാനെന്ന പേരില്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഇരുട്ടുമുറിയില്‍ മണിക്കൂറുകളോളം അടച്ചിട്ടു. മുതിര്‍ന്ന അഭിഭാഷകരുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസില്‍ കൊലപാതകക്കുറ്റം ചുമത്തിയതെന്നും പ്രദേശം സന്ദര്‍ശിച്ച സി.പി.എമ്മിന്റെ പ്രതിനിധി സംഘത്തിന് അവിടെ നടന്ന മൃഗീയ ആക്രമണങ്ങള്‍ ബോധ്യപ്പെട്ടതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."