പറവൂരില്‍ പത്രിക നല്‍കി വി.ഡി സതീശന്‍; കൈവശമുള്ളത് 1.22 കോടിയുടെ നിക്ഷേപം, 18 കേസുകള്‍
പറവൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി 1.22 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സതീശന്റെ പേരില്‍ ബാങ്ക് നിക്ഷേപവും സ്വര്‍ണ്ണവും ഉള്‍പ്പെടെ 53,82,286 രൂപയുടെയും ഭാര്യയുടെ പേരില്‍ 68,45,474 രൂപയുടെയും ആസ്തിയാണുള്ളത്.
സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ പക്കല്‍ 9,000 രൂപയും പണമായുണ്ട്. 35 ഗ്രാം സ്വര്‍ണ്ണമാണ് സതീശനുള്ളത്, ഭാര്യയുടെ കൈവശം 1,128 ഗ്രാം (ഏകദേശം 141 പവന്‍) സ്വര്‍ണ്ണവുമുണ്ട്. മകള്‍ ഉണ്ണിമായയുടെ പേരില്‍ 9.61 ലക്ഷം രൂപ വിലമതിക്കുന്ന കാറാണുള്ളത്.
പറവൂരിലെയും നെട്ടൂരിലെയും വസ്തുവകകള്‍ ഉള്‍പ്പെടെ 2.42 കോടി രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ സതീശന്റെ പേരിലുണ്ട്. പൈതൃകമായി ലഭിച്ച 1.85 കോടി രൂപയുടെ ഭൂമി ഭാര്യയുടെ പേരിലുമുണ്ട്. വിവിധ ബാങ്കുകളിലായി സതീശന് 24.06 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 17.45 ലക്ഷം രൂപയുടെയും കടബാധ്യതയുണ്ട്. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടതടക്കം വിവിധ കോടതികളിലായി 18 കേസുകള്‍ സതീശന്റെ പേരില്‍ നിലവിലുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
Opposition Leader V.D. Satheesan’s election affidavit reveals total investments of ₹1.22 crore along with his wife, property worth over ₹2.42 crore, and 18 pending legal cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."