ജില്ലാ ആശുപത്രിയില്‍ പുതിയ ഗേറ്റുകള്‍ നിര്‍മിക്കണം; ആവശ്യം ശക്തമാവുന്നു
പാലക്കാട്: ജില്ലാ ആശുപത്രിയിലെത്തുന്ന വാഹനങ്ങളും ആശുപത്രിയില്‍നിന്ന് മടങ്ങുന്ന വാഹനങ്ങളും അകത്തും പുറത്തും ഗതാഗതക്കുരുക്കുണ്ടാക്കുമ്പോള്‍ ബുദ്ധിമുട്ടുന്നത് പൊതുജനം. നിലവിലെ നാല് ഗേറ്റുകളില്‍ രണ്ടെണ്ണം മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ നിലവിലെ ഘടനയ്ക്കും സൗകര്യത്തിനും അനുസരിച്ച് പുതിയൊരു പ്രധാനഗേറ്റ് സ്ഥാപിക്കുകയാണ് പരിഹാരം.
പത്തുവര്‍ഷം മുന്‍പ് കോര്‍ട്ട് റോഡിലേക്ക് തുറക്കുന്ന രണ്ട് ഗേറ്റുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴുള്ള പ്രധാന ഗേറ്റും മറ്റൊന്ന് നിലവിലെ ഒ.പിക്ക് മുന്നിലായി റോബിന്‍സണ്‍ റോഡിലേക്കു തുറക്കുന്നതും. രണ്ട് വശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ റോബിന്‍സണ്‍ റോഡിലേക്കും അവിടെ നിന്നുള്ളത് മറ്റു രണ്ട് വശങ്ങളിലേക്കും തിരിയുന്നിടത്തായിരുന്നു ഗേറ്റ്. നിലവില്‍ ജില്ലാ ആശുപത്രിക്കുള്ളിലേക്ക് കയറാനും പുറത്തിറങ്ങാനുമെല്ലാം ഒരു പ്രധാന ഗേറ്റ് മാത്രം. വലിയ അപകടങ്ങളാകെ ഉണ്ടാകുമ്പോള്‍ കൂടുതല്‍ വാഹനങ്ങളും ജനങ്ങളും തിങ്ങിക്കൂടുമ്പോള്‍ ശ്വാസം മുട്ടുന്ന അവസ്ഥയാവും. ഈ ഗേറ്റ് കൂടാതെ മറ്റ് മൂന്നെണ്ണം കൂടിയുണ്ട്. അവയില്‍ രണ്ടും പ്രവര്‍ത്തിക്കുന്നില്ല.
കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലേക്ക് പോകാനുള്ള ഗേറ്റ് മാത്രമാണ് തുറന്നിരിക്കുന്നത്. മോര്‍ച്ചറിക്കു സമീപത്തുള്ളതും ചെറിയ കോട്ടമൈതാനത്തേക്ക് തുറക്കുന്നതുമായ ഗേറ്റുകള്‍ അടഞ്ഞുകിടക്കുന്നു. ആശുപത്രിയുടെ നിലവിലെ ഘടനയും സാഹചര്യങ്ങളും പരിശോധിച്ച് പുതിയ ഗേറ്റ് സ്ഥാപിക്കേണ്ടതുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റോഡില്‍ വാഹനങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതിനാല്‍ പഴയ ഗേറ്റ് പുന:സ്ഥാപിക്കല്‍ എളുപ്പമല്ല. പഠനം നടത്തി പുതിയ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണം.
ആശുപത്രിയിലെ ട്രോമാകെയര്‍ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ നടപടികള്‍ മുന്നേറുന്ന സാഹചര്യത്തില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ വരുന്നതിനും പോകുന്നതിനും സൗകര്യമൊരുക്കേണ്ടതുണ്ട്. ഒ.പിയിലേക്കും വാര്‍ഡുകളിലേക്കും പോകുന്നതിന് പ്രത്യേക ഗേറ്റ് സ്ഥാപിച്ചാല്‍ അത്യാഹിത വിഭാഗത്തിനും ട്രോമാകെയറിനുമൊക്കെയായി പ്രധാന ഗേറ്റ് ഉപയോഗിക്കാം. ആശുപത്രിയിലേക്കുള്ള രോഗികളുടെ വരവും വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ഗേറ്റ് അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ കൂടി സേവനം ജില്ലാ ആശുപത്രിക്ക് കിട്ടുകയും മരുന്നുകളും മറ്റ് സംവിധാനങ്ങളും മെച്ചപ്പെടുകയും ചെയ്തതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തിയാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."