പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കും; ജാതി സെന്‍സസ് നടപ്പാക്കും; സിപിഎം പ്രകടന പത്രിക
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. 12 വിഭാഗങ്ങളുള്ള പ്രകടന പത്രികയിലാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമുള്ളത്. ഡല്‍ഹിയില്‍ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഇത് കൂടാതെ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുമെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം റദ്ദാക്കുമെന്നും, ജാതി സെന്‍സസ് നടപ്പാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നത് നിരോധിക്കും, സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണ ഘടന അവകാശങ്ങള്‍ സംരക്ഷിക്കും, പൗരന്‍മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും, കേന്ദ്ര നികുതിയുടെ 59 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും, തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക, ലോക്‌സഭയില്‍ സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും അംഗബലം വര്‍ധിപ്പിക്കുക, കേന്ദ്രത്തില്‍ ഒരു ബദല്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രകടപത്രികയില്‍ പറയുന്നു.
മാത്രമല്ല ജനാധിപത്യത്തിന്റെ നാലുതൂണുകളും മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും, സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കിയെന്നും ഇതിനെതിരെ ഭരണ ഘടന മൂല്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയെ രക്ഷിക്കാനുമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും പ്രകടന പത്രികയില്‍ സി.പി.എം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."