മൂന്നു മേല്‍പ്പാലങ്ങള്‍ വരുന്നു
കോഴിക്കോട്: ഗതാഗതക്കുരുക്കിനു പരിഹാരമാകാന്‍ നഗരമധ്യത്തിലും ജില്ലാ അതിര്‍ത്തിയിലുമായി മൂന്നു പ്രധാന മേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൊണ്ടയാടും രാമനാട്ടുകരയിലും പന്നിയങ്കരയിലുമായി നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന മേല്‍പ്പാലങ്ങളാണ് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ സാക്ഷാല്‍കാരമാകുന്നത്. ഇതില്‍ പന്നിയങ്കര മേല്‍പ്പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവൃത്തി രണ്ടുമാസം കൊണ്ട് പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൊണ്ടയാട് മേല്‍പ്പാലത്തിന്റെ പൈലിങ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജങ്ഷന്റെ തെക്കുഭാഗത്തുള്ള പൈലിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം നിര്‍മിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന്റെ ജോലികളും ആരംഭിച്ചിട്ടുണ്ട്.
ചെറിയന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ നിര്‍മാണ കമ്പനിയാണ് പന്നിയങ്കര മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. തൊണ്ടയാട് മേല്‍പ്പാലം 51.41 കോടി രൂപക്കും രാമനാട്ടുകര മേല്‍പ്പാലം 74.96 കോടി രൂപക്കും നിര്‍മിക്കാനാണ് അക്രഡിറ്റ് ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇരുപാലങ്ങളും 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ വെങ്ങളം-രാമനാട്ടുകര ദേശീയ പാതയില്‍ ഇടക്കിടെ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാര്യമായ മാറ്റമുണ്ടാകും.
നിലവിലുള്ള ബൈപ്പാസിനു സമാന്തരമായി പടിഞ്ഞാറുഭാഗത്തായാണ് രണ്ടിടത്തും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ബൈപ്പാസ് നാലുവരിയാക്കാന്‍ ഏറ്റെടുത്ത സ്ഥലത്താണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗതാഗതത്തെ കാര്യമായി ബാധിക്കുന്നില്ല. തൊണ്ടയാട് 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തിന് 18 സ്പാനുകളുണ്ട്.
രാമനാട്ടുകരയില്‍ 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി 14 സ്പാനുകളിലുമായാണ് നിര്‍മാണം നടക്കുന്നത്. ഇരുപാലങ്ങളിലും 11 മീറ്ററാണ് റോഡിന്റെ വീതി. രണ്ടു പാലങ്ങളിലും 50 സെ.മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകളുമുണ്ടാകും.
ഇരുവശങ്ങളിലും സര്‍വിസ് റോഡുകളുമുണ്ടാകും. പി.ഡബ്ല്യു.ഡി എന്‍.എച്ചിന്റെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."