പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ അന്വേഷണം ഊർജ്ജിതം; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
പാലക്കാട്: പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി.
ബലാത്സംഘം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ ഫോൺ രേഖകളും സന്ദേശങ്ങളും അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഇപ്പോൾ പൊലിസ് ശേഖരിച്ചു വരികയാണ്. ഇത് കേസിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതി ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടതായാണ് പൊലിസ് സംശയിക്കുന്നത്.
മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലിസ് മേധാവിക്കും നൽകിയ പരാതിയിൽ, പ്രമുഖ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ച് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായാണ് അതിജീവിത ആരോപിക്കുന്നത്. വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ് മൊഴി.
സംഭവം വലിയ ചർച്ചയായതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാൾ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."