മനുഷ്യ വാസമില്ലാത്ത ഇറ്റാലിയൻ ദ്വീപിൽ 33വർഷം ഒറ്റയ്ക്ക് ജീവിച്ച മനുഷ്യൻ; മൗറോ മോറാണ്ടിയെ കുറിച്ച് കൂടുതലറിയാം
"ഒരാൾ തന്നിലേക്ക് തന്നെ നടത്തുന്ന യാത്രയാണ് ഏറ്റവും ഭംഗിയുള്ളതും അതേസമയം, അപകടകരവുമായ യാത്ര. ആ യാത്ര നിങ്ങളുടെ വീടിന്റെ ലിവിങ് റൂമിൽ ഇരുന്ന് കൊണ്ടും ഇവിടെ ബുഡെല്ലി ദ്വീപിൽ ഇത് പോലെ തനിച്ച് ഇരുന്ന് കൊണ്ടും സാധ്യമാകും. അത് കൊണ്ടാണ് വീട്ടിൽ ഒന്നും ചെയ്യാതെ വെറുതെയിരിക്കുക എന്ന പ്രക്രിയ പലർക്കും വളരെ കഠിനമേറിയ ദൗത്യമായി അനുഭവപ്പെടുന്നത്." മൗറോ മോറാണ്ടി
ഇറ്റലിയിലെ നഗര ജീവിതത്തിൽ മനംമടുത്ത ഒരു മനുഷ്യൻ. രാഷ്ട്രീയവും പരിസ്ഥിതിയും സാംസ്കാരിക മേഖലകളൊക്കെയും തിന്മകളിലേക്ക് വഴിമാറി തുടങ്ങിയ സമയത്ത് അയാൾ ഒരു ഒളിച്ചോട്ടം ആഗ്രഹിച്ചു. അങ്ങനെയാണ് 1989ൽ തന്റെ ബോട്ടുമായി മൗറോ മോറാണ്ടി സൗത്ത് പസഫിക്ക് ലക്ഷ്യംവച്ച് യാത്ര തിരിക്കുന്നത്. ഹെമിംഗ്വേയുടെ 'കിഴവനും വൻകടലും' എന്ന നോവലിലെ സാന്റിയാഗോവിനെ പോലെ കടലുമായി മല്ലിട്ട്, പ്രതിസന്ധികളെ തരണംചെയ്ത് ജീവിതത്തിന് പുതിയ അർഥം കണ്ടെത്തുക എന്നതായിരുന്നില്ല മോറാണ്ടിയുടെ ലക്ഷ്യം. മധ്യവയസ്കനായ മോറാണ്ടി ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാൻ വേണ്ടിയായിരുന്നു ആ യാത്ര ആരംഭിച്ചത്!
യാത്രയ്ക്കിടയിൽ മോറാണ്ടിയുടെ ബോട്ടിന് എന്തോ തകരാർ സംഭവിച്ചു. മോറാണ്ടി സർദിനിയൻ ദ്വീപായ ബുഡെല്ലിയിൽ ബോട്ട് നന്നാക്കുന്നതിനായി ഇറങ്ങി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഷെൽട്ടറായി ഉപയോഗിച്ചിരുന്ന ഒരു ദ്വീപായിരുന്നു അത്. പിന്നീട് മനുഷ്യ വാസമില്ലാതെ പോയ ദ്വീപിൽ സർക്കാർ നിയോഗിച്ച കെയർ ടേക്കർ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ കുറച്ച് ദിവസം തങ്ങി ബോട്ട് നന്നാക്കിയ ശേഷം യാത്ര തുടരാം എന്നതായിരുന്നു മോറാണ്ടിയുടെ ഉദ്ദേശം. ഒരു കെയർ ടേക്കർ അല്ലാതെ മറ്റൊരു മനുഷ്യനുമില്ലാത്ത ബുഡെല്ലി, മോറാണ്ടിയെ വല്ലാതെ ആകർഷിച്ചു. മോറാണ്ടി യാത്ര അവസാനിപ്പിച്ചു ജീവിതം ആ കുഞ്ഞ് ദ്വീപിൽ ജീവിച്ചു തീർക്കാൻ തീരുമാനിച്ചു.
അങ്ങനെ പഴയെ കെയർ ടേക്കർ വിരമിച്ചപ്പോൾ മോറാണ്ടി ബുഡെല്ലി ദ്വീപിന്റെ പുതിയ കെയർ ടേക്കറായി. പിന്നീട് 33 വർഷ കാലം മോറാണ്ടി ബുഡെല്ലി ദ്വീപിൽ തന്നെ ജീവിതം ജീവിച്ചു തീർത്തു.
മോറാണ്ടിക്ക് ആവശ്യമുള്ള ഭക്ഷണവും, സാധനങ്ങളും തൊട്ടടുത്ത ദ്വീപിൽ നിന്ന് എത്തുമായിരുന്നു. മോറാണ്ടിക്ക് മാത്രമായി ദ്വീപിൽ വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനുമുണ്ട്. വേനൽകാലത്ത് പിങ്ക് നിറത്തിലുള്ള ബുഡെല്ലി ദ്വീപിലെ കടൽതീരം കാണാൻ ടൂറിസ്റ്റുകൾ വരുമ്പോൾ മാത്രമെ മോറാണ്ടി പുറംലോകത്തെ മനുഷ്യരെ കാണാറുള്ളൂ. അല്ലാത്ത സമയം മോറാണ്ടി ആ കുഞ്ഞ് ദ്വീപിൽ തനിച്ചായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമ പ്രവർത്തകർ മോറാണ്ടിയെ "റോബിൻസൺ ക്രൂസോ" എന്നാണ് വിളിച്ചിരുന്നത്.
പുസ്തകം വായിച്ചും സംഗീതം ആസ്വദിച്ചും ഉറങ്ങിയും ദ്വീപ് പരിപാലിച്ചും മോറാണ്ടി പുറം ലോകവുമായി ബന്ധപ്പെടാതെ 33 വർഷം കഴിഞ്ഞുകൂടി. എന്നാൽ 2021ൽ മഡലേന നാഷനൽ പാർക്ക് അധികൃതർ ദ്വീപിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി മോറാണ്ടിയെ ദ്വീപിൽ നിന്ന് പുറത്താക്കി. 33 വർഷങ്ങൾക്ക് ശേഷം വാർധക്യസഹജമായ അസുഖങ്ങളുമായി തിരിച്ച് ഇറ്റലിയിലെ നഗര ജീവിതത്തിലേക്ക് മടങ്ങിയ അദ്ദേഹം എൺപത്തിയഞ്ചാം വയസ്സിലാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."