ഓണം പൊന്നോണം
മാണിയമ്മയുടെ കരസ്പര്‍ശത്തില്‍ കണ്ണുനിറഞ്ഞ് മന്ത്രി
കണ്ണൂര്‍: മാണിയമ്മയുടെ നിറപുഞ്ചിരിക്കു മുന്നില്‍ കണ്ണുനിറഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. തയ്യില്‍ ഐ.ആര്‍. പി.സി കേന്ദ്രത്തിലെ അന്തേവാസികള്‍ക്കു ജില്ലാ പഞ്ചായത്ത് നല്‍കുന്ന ഓണക്കോടി വിതരണചടങ്ങാണു വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ചത്.
അന്തേവാസികളെ പരിചയപ്പെടുന്ന കൂട്ടത്തില്‍ അവശയായ തൊണ്ണൂറ്റിയാറുകാരി മാണിയമ്മയെ കണ്ടപാടെ കുട്ടിക്കാലത്തെ സ്മരണകള്‍ മന്ത്രിയുടെ ഓര്‍മകളില്‍ ഓടിയെത്തുകയായിരുന്നു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന പൊതുവാച്ചേരിയിലെ തന്റെ വീട്ടില്‍ വരാറുണ്ടായിരുന്ന മാണിയമ്മയുടെ മുഖം മന്ത്രിയുടെ ഓര്‍മകളില്‍ നിറഞ്ഞു. ആശുപത്രികളും നഴ്‌സുമാരും വിരളമായിരുന്ന കാലത്ത് തന്റെ പ്രസവമെടുത്തതു മാണിയമ്മയായിരുന്നുവെന്ന് അമ്മ പറഞ്ഞത് ഓര്‍മയുണ്ടായിരുന്നതായി മന്ത്രി പറഞ്ഞു. ഓര്‍മവയ്ക്കാത്ത കാലത്ത് തന്നെ പരിപാലിച്ച മാണിയമ്മയുടെ അപ്രതീക്ഷിതമായ സാമീപ്യമുണ്ടാക്കിയ വികാരത്തള്ളിച്ചയില്‍ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. പഴയ ഓര്‍മകള്‍ പുതുക്കിയും പോറ്റമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുമാണു കടന്നപ്പള്ളി മടങ്ങിയത്. ഓണക്കോടി വിതരണച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍, ഐ.ആര്‍.പി.സി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍, ചെയര്‍മാന്‍ പി.എം സാജിദ്, സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മാനേജര്‍ പുരുഷോത്തമന്‍ സംബന്ധിച്ചു. കക്കാട് സൊളാസ് മൈത്രി ഭവനത്തിലെ 40 അന്തേവാസികള്‍ക്കു ജില്ലാ പഞ്ചായത്തിന്റെ ഓണക്കോടി കിറ്റുകള്‍ പ്രസിഡന്റ് കെ.വി സുമേഷ് നല്‍കി.
റസിഡന്റ്‌സ് അസോ. ഓണാഘോഷം
കണ്ണൂര്‍: പള്ളിക്കുന്ന് ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷന്‍ ചേംബര്‍ ഹാളില്‍ നടത്തിയ ഓണാഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. മേയര്‍ ഇ.പി ലത മുഖ്യാതിഥിയായി. ഐ.ജി ദിനേന്ദ്ര കശ്യപ് ഓണസന്ദേശം നല്‍കി. കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ വിനോദ്, ഇ ഷമല്‍, ജോര്‍ജ് തയ്യില്‍, കെ.വി ഹനീഷ്, കെ.എന്‍ പ്രകാശന്‍, ഷൈന്‍ പി ജോസ്, സി.കെ ജിതേഷ്, പി. ശശീന്ദ്രന്‍, ബാബു ഗോപിനാഥ് സംസാരിച്ചു. കുടും ബാംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും ഓണസദ്യയുമുണ്ടായി.
സാന്ത്വന ഭവനില്‍ ഓണാഘോഷം
കണ്ണൂര്‍: വട്ടപ്പൊയില്‍ സാന്ത്വന ഭവനില്‍ കോളജ് ഓഫ് കൊമേഴ്‌സിലെ മാധ്യമ വിദ്യര്‍ഥികള്‍ ഓണം ആഘോഷിച്ചു. ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റിലെ പൂര്‍വവിദ്യാര്‍ഥികളും സാന്ത്വന ഭവനിലെ സിസ്റ്റര്‍ തെരസിറ്റ, സാറ, സുഖീര്‍ റുക്കി എന്നീ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
അമ്മയ്‌ക്കൊരു ഓണക്കോടി
അഴീക്കോട്: മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, കിംസ്റ്റ് ആശുപത്രി, കണ്ണൂര്‍ അര്‍ബന്‍ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അമ്മയ്‌ക്കൊരു ഓണക്കോടി പരിപാടി ചാലില്‍ വൃദ്ധസദനത്തില്‍ നടത്തി. കഥാകൃത്ത് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അധ്യക്ഷയായി. കെ പ്രമോദ്, എന്‍.കെ സൂരജ്, ഇന്‍കം ടാക്‌സ് കമ്മിഷണര്‍ സദാനന്ദന്‍, കെ.പി ജയബാലന്‍, വെള്ളോറ രാജന്‍, പി.കെ പ്രീത്ത്, രാജേഷ് പുതിയാണ്ടി, ബൈജു, കെ ബാലകൃഷ്ണന്‍, രാജീവന്‍ പുത്തലത്ത്, കല്ലിക്കോടന്‍ രാഗേഷ്, കൂക്കിരി രാഗേഷ്, പി വിനോദ്, ടി ജയകൃഷ്ണന്‍, കെ.വി ജയേഷ്, പ്രകീര്‍ത്ത്, കെ.പി ജോഷില്‍, നിതിന്‍ പവിത്രന്‍, ജിനു ജോണ്‍, ഇ.വി മൃദുല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."