ത്യാഗ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷം
കണ്ണൂര്‍: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി നാടെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു. കണ്ണൂര്‍ സിറ്റി ജുമാമസ്ജിദില്‍ പെരുന്നാള്‍ നമസ്കാരത്തിനു മുഹമ്മദ് അസ്ഹരിയും കാംബസാര്‍ ജുമാമസ്ജിദില്‍ ആബിദ് ഹുദവി തച്ചണ്ണയും കണ്ണൂര്‍ ട്രെയിനിങ് സ്കൂളിനു സമീപത്തെ മഹ്മൂദ് പള്ളിയില്‍ അബ്ദുറഹ്മാന് മൗലവി മക്കിയാടും തായത്തെരു ജുമാമമസ്ജിദില് ഉബൈദ് ഹുദവി ചാലാടും തെക്കിബസാര്‍ ജുമാമസ്ജിദില്‍ റഷീദ് ബാഖവി പൊതുവാച്ചേരിയും നേതൃത്വം നല്കി.
തളിപ്പറമ്പ് ഹൈവേ ജുമാമസ്ജിദില്‍ അബൂബക്കര്‍ സിദ്ദീഖ് അല്അസ്ഹരിയും സയ്യിദ് നഗര്‍ ജുമാമസ്ജിദില്‍ സിദ്ദീഖ് ദാരിമി ബക്കളവും സയ്യിദ് നഗറില്‍ നടന്ന ഈദ്ഗാഹിനു ഉമര്‍ നദ്വി തോട്ടിക്കീലും നേതൃത്വം നല്കി. തലശ്ശേരി സ്റ്റേഡിയം പള്ളി, ഓടത്തില്‍ പള്ളി, സെയ്ദാര്‍പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നമസ്കാരത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ആദ്യ ഈദ് ഗാഹ് നടന്ന തലശ്ശേരിയിലെ സ്റ്റേഡിയം പള്ളിയില്‍ ആയിരങ്ങളാണു പ്രാര്‍ഥനയ്ക്കെത്തിയത്. മഴ മാറി നിന്നതിനെ തുടര്‍ന്ന് ഈദ് ഗാഹ് നടത്താന്‍ ഞായറാഴ്ച രാത്രിയാണു പള്ളി കമ്മിറ്റി തീരുമാനിച്ചത്. തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെയാണു കാണാന്‍ കഴിഞ്ഞത്.
തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദില്‍ ഇബ്രാഹിം നജ്മി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്കി. സെയ്ദാര്‍ പള്ളിയില്‍ ആഫിദ് സെഹല്‍ വാഫിയും മട്ടാമ്പ്രം പള്ളിയില്‍ അബ്ദുല്‍ ലത്തീഫ് ഫൈസിയും റെയില്‍വേ ജുമാമസ്ജിദില്‍ റയീസ് ഫൈസിയും നേതൃത്വം നല്കി.
തലശ്ശേരി ഇസ്ലാമിക് സെന്റര്‍ ജുമാമസ്ജിദില്‍ ഇതര സംസ്ഥാനക്കാര്‍ക്ക് പ്രത്യേക പെരുന്നാള്‍ നമസ്ക്കാരം സംഘടിപ്പിച്ചു. ഇവിടെ ഖുതുബ ഉര്‍ദു ഭാഷയിലായിരുന്നു. പാര്‍ക്കുകളിലും ബീച്ചുകളിലും പെരുന്നാള്‍ ദിനം വന്‍ തിരക്കായിരുന്നു. തലശ്ശേരി നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പൊലിസ് പ്രത്യേക സ്ഥലങ്ങള്‍ മുന്‍കൂട്ടി പൊലിസ് അനുവദിച്ചതിനാല്‍ ഗതാഗത തടസം അനുഭവപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."