മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു; തെക്കൻ തമിഴ്‌നാട് വരൾച്ചാ ഭീഷണിയിൽ
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതോടെ തെക്കൻ തമിഴ്‌നാട് വരൾച്ചാഭീഷണിയിലായി. ഈ നിലതുടർന്നാൽ ഇതുവരെ കാണാത്ത ഉണക്കിനു തെക്കൻ തമിഴ്‌നാട് സാക്ഷ്യം വഹിക്കേണ്ടി വരും. അതോടൊപ്പം തേക്കടിയുടെ ടൂറിസം മേഖലയ്ക്കും ഇത് ശക്തമായ തിരിച്ചടിയാകും.
ജലനിരപ്പ് കൂടുതൽ താഴ്ന്നാൽ തേക്കടിയിലെ ബോട്ട് ലാന്റിങ് മാറ്റി സ്ഥാപിക്കേണ്ടിവരും. ബോട്ട് ലാന്റിങ് മാറ്റുന്നത് ബോട്ട് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു കിലോമീറ്ററോളം നടന്ന് ബോട്ടിങ് നടത്താൻ പലർക്കും കഴിയില്ല. ഇപ്പോൾ തന്നെ തടാകത്തിലൂടെ ബോട്ടുകൾ ഓടിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മരകുറ്റികൾ നിറഞ്ഞ തടാകത്തിലൂടെ ബോട്ട് ഓടിക്കാൻ പരിചയ സമ്പന്നരായ ഡ്രൈവർമാർ പോലും ഏറെ പണിപ്പെടുകയാണ്. ബോട്ട് ലാന്റിങിന് സമീപത്തുള്ള പ്രദേശത്താണ് ബോട്ട് ഓടിക്കാൻ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇവിടെ അഞ്ചടിയിൽ താഴെ മാത്രം വെള്ളമാണുള്ളത്.
വെള്ളത്തിനടിയിലെ മൺതിട്ടകളും മരക്കുറ്റികളിലും തട്ടിയാണ് ബോട്ടുകൾ കടന്നു പോകുന്നത്.ഇന്നലത്തെ കണക്കനുസരിച്ച് 110.5 അടി വെള്ളമാണ് മുല്ലപ്പെരിയാറിലുള്ളത്. കഴിഞ്ഞ വർഷം ഇതേദിവസം 113.9 അടി വെള്ളമുണ്ടായിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിച്ചിട്ടുണ്ട്. ദിവസവും 300 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് ഇപ്പോൾ തുറന്നുവിട്ടിരിക്കുന്നത്. വെറും ചാറ്റൽമഴ മാത്രമാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ലഭിച്ചത്.
മുല്ലപ്പെരിയാർ ജലലഭ്യത കുറഞ്ഞതോടെ തെക്കൻ തമിഴ്‌നാട് ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. ലോവർ ക്യാംപ് പവർ ഹൗസിലെ വൈദ്യുതി ഉൽപ്പാദനം തമിഴ്‌നാട് നിർത്തിവെച്ചു. കുടിവെള്ളത്തിനായി കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഇപ്പോൾ നാമമാത്രമാണ്. ഈ നില തുടർന്നാൽ തേനി ജില്ലയിൽ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ കുടിനീരിനായി അലയും.
നഗര- ഗ്രാമ പ്രദേശങ്ങൾ ഒരു പോലെ തന്നെ വരൾച്ചയുടെ പിടിയിലേക്ക് നീങ്ങുകയാണ്. ഗൂഡല്ലൂർ, കമ്പം മുനിസിപാലിറ്റികളിലും ഉത്തമപ്പാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. മുല്ലപ്പെരിയാർ ജലം പൂർണമായും നിലച്ചാൽ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കാതാകും. ഇവിടുത്തെ കിണറുകളിൽനിന്ന് പിന്നീട് ലഭിക്കുക ഉപ്പു കലർന്ന ജലമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."