സ്വാശ്രയ പ്രവേശനം കര്‍ശനമായി നിരീക്ഷിക്കും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ പ്രവേശനം മെറിറ്റടിസ്ഥാനത്തില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
പ്രവേശനത്തിന് വന്‍തോതില്‍ ഫീസ് ഈടാക്കി കൊള്ള നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് സമിതി ചെയര്‍മാനായ ജസ്റ്റിസ് ജെ.എം ജയിംസ് ഇക്കാര്യം അറിയിച്ചത്.മെഡിക്കല്‍, ദന്തല്‍ പ്രവേശനപ്രക്രിയ നിരീക്ഷിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജയിംസ് കത്തില്‍ വ്യക്തമാക്കി. സുപ്രിം കോടതിയും ഹൈക്കോടതിയും നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തലവരിപ്പണം പിരിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പ്രവേശനരീതി പിന്തുടരണമെന്ന് കോളജുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
രണ്ട് കോളജുകള്‍ക്ക് 19 വരെ സമയം നല്‍കി
തിരുവനന്തപുരം: ഈ വര്‍ഷം പുതുതായി തുടങ്ങിയ വര്‍ക്കല എസ്.ആര്‍, പാലക്കാട് കേരള എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നതിന് 19 വരെ സമയം നല്‍കി. ആദ്യ അലോട്ട്‌മെന്റ് 24ന് നടക്കും. 27നായിരിക്കും രണ്ടാമത്തെ അലോട്ട്‌മെന്റ്.
അപേക്ഷകരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ ജയിംസ് കമ്മിറ്റി നോട്ടിസ് അയച്ച ഏഴു കോളജുകളില്‍പ്പെടുന്നവയാണ് ഈ രണ്ടു കോളജുകളും. ഇക്കാര്യത്തില്‍ അസീസിയ കോളജ് ഒഴികെയുള്ളവര്‍ ജയിംസ് കമ്മിറ്റി മുന്‍പാകെ വിശദീകരണം നല്‍കിയിട്ടുണ്ട്. സാങ്കേതികപ്രശ്‌നംമൂലം അപേക്ഷകരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു രണ്ടുദിവസം കൂടി അനുവദിക്കണമെന്ന എസ്.യു.ടി മെഡിക്കല്‍ കോളജിന്റെ ആവശ്യം ജയിംസ് കമ്മിറ്റി അംഗീകരിച്ചു.
ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജും അപേക്ഷകരുടെ വിശദാംശങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉടന്‍ പട്ടിക പ്രസിദ്ധീകരിക്കാമെന്ന് അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് അറിയിച്ചിട്ടുണ്ട്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് 19 വരെ അപേക്ഷ സ്വീകരിക്കാന്‍ കമ്മിറ്റി അനുമതി നല്‍കിയെങ്കിലും ഇതേവരെ വിദ്യാര്‍ഥികള്‍ക്കായി വെബ്‌സൈറ്റ് തുറന്നിട്ടില്ല. നിശ്ചിതസമയത്തിനു മുന്‍പ് കമ്മിറ്റി നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരേ നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."