പ്രീ-ഫാബ് വീടുകള്‍: പ്രഖ്യാപനം ബജറ്റിലൊതുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് പ്രീ-ഫാബ് വീടുകള്‍ വച്ചുനല്‍കുമെന്ന പ്രഖ്യാപനം ബജറ്റിലൊതുങ്ങി. ധനമന്ത്രി തോമസ് ഐസക്കിന്റെ 2016-17ലെ ബജറ്റിലാണ് പ്രീ-ഫാബ് വീടുകള്‍ വ്യാപകമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പ്രീ-ഫാബ് വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളെ കണ്ടെത്തുകയോ വീട് നിര്‍മിക്കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ വിതരണംചെയ്യുന്ന ഫാക്ടിനെ ഇതുവരെ സമീപിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.
പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി തടയുന്നതും ഉറപ്പുള്ളതുമായ വീടുകളാണ് പ്രീ-ഫാബ്രിക്കേറ്റഡ് വീടുകള്‍. ഫാക്ടിന്റെ കീഴിലുള്ള സ്ഥാപനമാണ് പ്രീ-ഫാബ് വീടുകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിനു പുറത്തുള്ള കെട്ടിടനിര്‍മാണ മേഖലയിലെ കോണ്‍ട്രാക്ടര്‍മാര്‍ പ്രീ-ഫാബ് മെറ്റീരിയലുകള്‍ ഫാക്ടില്‍ നിന്നുമാണ് വാങ്ങുന്നത്.
ഈ മാസം 26ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ആദ്യ ബജറ്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുര്‍ത്തീകരണമടക്കം, സര്‍ക്കാരിന്റെ നൂറുദിനത്തിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതാണ് പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനം. സംസ്ഥാനത്തെ ഭവനിര്‍മാണ പദ്ധതികളായ എം.എന്‍ ലക്ഷംവീട്, ഇ.എം.എസ് എന്നീ പദ്ധതികള്‍ വഴി പ്രീ-ഫാബ് വീടുകള്‍ നല്‍കുന്നതിനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
തദ്ദേശസ്ഥാപനങ്ങള്‍ ഇത്തരം വീടുകള്‍ നിര്‍മിക്കുന്ന ഏജന്‍സികളുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കണം. ഇത്തരം പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ മുന്‍ഗണ നല്‍കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ പ്രീ-ഫാബ് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികളെ കണ്ടെത്തുകയോ ധാരണയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് ഫാക്ട് അധികൃതര്‍ സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍, തമിഴ്‌നാട് സര്‍ക്കാരിന്റെ ഭവനപദ്ധതിപ്രകാരം മധുരയില്‍ പ്രീ-ഫാബ് വീടുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇത് ഫാക്ട് നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം കപ്പലില്‍ കയറ്റിയയച്ച പ്രീ-ഫാബ് വീടിന്റെ മാതൃക, ശ്രീലങ്കന്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. വീടു നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ അടുത്ത മാസത്തോടെ ലഭിക്കുമെന്നാണ് ഫാക്ടിന്റെ പ്രതീക്ഷ.
കേരളത്തിലെ കെട്ടിട കോണ്‍ട്രാക്ടര്‍മാര്‍ പ്രീ-ഫാബ് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ മുന്നോട്ടുവരുന്നില്ലെന്ന പരാതിയും ഫാക്ടിനുണ്ട്. സര്‍ക്കാര്‍പോലും ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത മെറ്റീരിയലുകള്‍ കൊണ്ട് വീടുവയ്ക്കാനാവില്ലെന്നാണ് കോണ്‍ട്രാക്ടര്‍മാരുടെ നിലപാട്. കെട്ടിട നിര്‍മാണത്തിന് പ്രീ-ഫാബിന്റെ മെറ്റീരിയലുകള്‍ അംഗീകരിക്കുന്നതിനു ഫാക്ട് സമര്‍പ്പിച്ചിട്ടുള്ള പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (പി.എം.സി) ധനവകുപ്പിന്റെ പരിഗണനയിലാണ്. രണ്ടുവര്‍ഷം മുന്‍പ് സമര്‍പ്പിച്ചതാണിത്. ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍, ദേശീയ ഗെയിംസിനായി പ്രീ-ഫാബ് വില്ലകള്‍ സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു.
ഇതിനു ശേഷമാണ് ഇത്തരം വീടുകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെകുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. ഫാക്ടുമായി അന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീട് തുടര്‍നടപടികളുണ്ടായില്ല. നിലവില്‍ ടാന്‍സാനിയ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഫാക്ടുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
മലയാളം സര്‍വകലാശാലയില്‍ രണ്ട് പ്രീ-ഫാബ് കെട്ടിടങ്ങള്‍
തിരൂര്‍ മലയാളം സര്‍വകലാശാലയിലെ രണ്ടു വലിയ കെട്ടിടങ്ങള്‍ പ്രീ-ഫാബ് കൊണ്ടു നിര്‍മിച്ചവയാണ്. 10,200 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ക്ക് ഏകദേശം 1.25 കോടി രൂപയാണ് ചെലവായത്.
സര്‍വകലാശാലയുടെ ലൈബ്രറിയും ഗവേഷണ ബ്ലോക്കുമാണ് പ്രീ-ഫാബ് കൊണ്ട് നിര്‍മിച്ചത്. വൈസ് ചാന്‍സിലര്‍ കെ. ജയകുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരം പരീക്ഷണാര്‍ഥമാണ് ഇത് നിര്‍മിച്ചത്. എന്നാല്‍, ഇതുവരെ ഈ കെട്ടിടത്തിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
പരമ്പരാഗത കെട്ടിട സാമഗ്രികള്‍ ഉപയോഗിച്ചില്ലെങ്കില്‍ വീടുകള്‍ക്ക് ഉറപ്പുണ്ടാകില്ലെന്ന വ്യാജ പ്രചാരണമാണ് പ്രീ-ഫാബ് വീടുകള്‍ക്ക് തിരിച്ചടിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."