അധികൃതരുടെ അലംഭാവം; മണിച്ചിറ നശിക്കുന്നു
സുല്‍ത്താന്‍ ബത്തേരി: അധികൃതരുടെ അലംഭാവംകൊണ്ട് മണിച്ചിറ നശിക്കുന്നു. വിനോദസഞ്ചാര കേന്ദ്രാമായി മാറ്റുന്നതിന്റെ ഭാഗമായി മോടിപിടിപ്പിക്കാന്‍ കോടികള്‍ ചിലവഴിച്ച് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തികള്‍ എങ്ങുമെത്തിയില്ല. ഇപ്പോള്‍ ചിറ കാടുമൂടിയ നിലയിലാണ്. ഒന്നരക്കോടിയോളം രൂപ മുടക്കി രണ്ട് വര്‍ഷമുമ്പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തിയാണ് എങ്ങുമെത്താതെ പാതിവഴിയില്‍ നിലച്ചിരിക്കുന്നത്. ജില്ലയുടെ ടൂറിസം രംഗത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ മണിച്ചിറയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കോടികള്‍ ചിലഴിലച്ച് ചിറ നവീകിരിക്കാന്‍ തീരുമാനിച്ചത്. ഇതിന്നായി ഒന്നരക്കോടിയോളം രൂപയും ടൂറിസം വകുപ്പ് മാറ്റിവച്ചു. ചിറയുടെ വശങ്ങള്‍ കല്ലുകെട്ടി മുകള്‍ ഭാഗം കല്ലുപതിക്കല്‍, ചുറ്റുമതില്‍ നിര്‍മാണം, ചുറ്റും ഇരിപ്പിടങ്ങള്‍ അടക്കം നിര്‍മിക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തികള്‍ ആരംഭിച്ചത്.
എന്നാല്‍ നിര്‍മാണപ്രവര്‍ത്തികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇപ്പോള്‍ ചിറയുടെ പരിസരം കാടുകയറിയും മറ്റും നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണ് ചിറ. സന്ധ്യമയങ്ങിയാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ് ചിറയുടെ പരിസരം. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാത്തത് പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത അമര്‍ശത്തിന് വഴിവെച്ചിട്ടുണ്ട്.
കോടികള്‍ മുടക്കി നവീകരണപ്രവര്‍ത്തി ആരംഭിച്ച ചിറ നാശത്തിലേക്ക് തള്ളിവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പം വയനാടിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടാന്‍ മണിച്ചിറക്ക് സാധിക്കുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."