ആശങ്കയില്ലെന്ന് എം.വി ഗോവിന്ദന്‍, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ടി പി രാമകൃഷ്ണന്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി സി.പി.എം നേതാക്കള്‍
തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍.ഡി.എഫ് നേതാക്കള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ആശങ്കയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അഞ്ചോ എട്ടോ സീറ്റുകള്‍ മാറിയാല്‍ ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സര്‍വേഫലം കാണിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ പിണറായി വിജയനെന്നാണ് സര്‍വേ പറയുന്നതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
'എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും എന്നതാണ് എക്‌സിറ്റ് പോളുകളുടെ ഉള്ളില്‍ കാണുന്ന വസ്തുത. കേരളത്തില്‍ ബി.ജെ.പിക്ക് 14 സീറ്റ് കിട്ടുമെന്നത് എന്ത് സര്‍വ്വേയാണ്. ഒരു സീറ്റ് പോലും ലഭിക്കാന്‍ പോകുന്നില്ല. സര്‍വ്വേകളില്‍ ചില പത്രങ്ങളുടെ ആത്മനിഷ്ഠഘടകം പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.ഡി.എഫിനെ ജയിപ്പിച്ചേ തീരുമെന്നാണ് ചില പത്രങ്ങളുടെ തീരുമാനം' ഗോവിന്ദന്‍ ആരോപിച്ചു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും ചൂണ്ടിക്കാട്ടി. 2021-ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മണിയാശാന്‍ തോല്‍ക്കുമെന്നും, കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ബാലുശ്ശേരി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് പരാജയപ്പെടുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫലം മറിച്ചായിരുന്നുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഓര്‍മ്മിപ്പിച്ചു.
വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ നടപടികളും ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതല്‍ അംഗീകാരം കിട്ടിയത് പിണറായി വിജയനാണല്ലോ. മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ അദ്ദേഹമാണെന്നാണ് സര്‍വേ പറയുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. കഴിഞ്ഞ പത്തു വര്‍ഷം ഭരണത്തിലിരുന്നിട്ടും കേരളത്തില്‍ ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളിലും എല്‍.ഡി.എഫ് വിജയിക്കും. താന്‍ മത്സരിച്ച പേരാമ്പ്ര മണ്ഡലത്തില്‍ വിജയം ഉറപ്പാണ്-അദ്ദേഹം വ്യക്തമാക്കി.
ldf leaders including mv govindan dismiss exit polls and express confidence in retaining power in kerala assembly elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."