എക്‌സിറ്റ് പോളുകൾ എല്ലാം ശരിയല്ല; 2021ലെ പ്രവചനവും യാഥാർഥ്യവും
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള നാലുസംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ, 2021ലെ പ്രവചനവും യഥാർഥഫലവും ചർച്ചയാകുകയാണ്. 2021ൽ അസമിലും തമിഴ്‌നാട്ടിലും എക്‌സിറ്റ് പോളുകൾ ഏറെക്കുറേ കൃത്യമായ ഫലങ്ങൾ പ്രവചിച്ചപ്പോൾ, ബംഗാളിലും കേരളത്തിലും വലിയ മാറ്റങ്ങളാണ് കണ്ടത്.
ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നേടിയ വൻ വിജയം പ്രവചിക്കാൻ ഒരു ഏജൻസിക്കും സാധിച്ചിരുന്നില്ല. ഭൂരിഭാഗം ഏജൻസികളും ബി.ജെ.പിക്ക് വലിയ മുന്നേറ്റം പ്രവചിച്ചപ്പോൾ, തൃണമൂൽ 215 സീറ്റുകൾ നേടി അധികാരം നിലനിർത്തി. മിക്ക പോളുകളും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം (148 സീറ്റുകൾ) പ്രവചിച്ചെങ്കിലും 77 സീറ്റുകളിൽ അവർ ഒതുങ്ങി.
കേരളത്തിൽ എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന് മിക്ക ഏജൻസികളും പ്രവചിച്ചെങ്കിലും, എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷമേ നൽകിയിരുന്നുള്ളൂ. എന്നാൽ 99 സീറ്റുകൾ നേടി ഇടതുപക്ഷം രണ്ടാമതും അധികാരത്തിലെത്തി. പല ഏജൻസികളും തൂക്കുമന്ത്രിസഭയോ വളരെ കുറഞ്ഞ ഭൂരിപക്ഷമോ ആണ് പ്രവചിച്ചത്. പ്രതിപക്ഷത്തിന് 41 സീറ്റുകൾ ലഭിച്ചപ്പോൾ, എക്‌സിറ്റ് പോളുകൾ ശരാശരി 15 സീറ്റുകൾ അധികം യു.ഡി.എഫിന് പ്രവചിച്ചിരുന്നു. ടുഡേയ്‌സ് ചാണക്യമാത്രമാണ് യഥാർഥ ഫലത്തോട് ഏകദേശം അടുത്ത് നിന്നത്.
തമിഴ്‌നാട്ടിലും അസമിലും എക്‌സിറ്റ് പോളുകൾ താരതമ്യേന കൃത്യമായിരുന്നു. ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്ന് എല്ലാ ഏജൻസികളും ശരിയായി പ്രവചിച്ചു. ഡി.എം.കെ സഖ്യം 159 സീറ്റുകൾ നേടിയപ്പോൾ ഏജൻസികൾ പ്രവചിച്ച ശരാശരി 166 ആയിരുന്നു. അസമിൽ എൻ.ഡി.എ അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോളുകൾ കൃത്യമായി പറഞ്ഞു. എൻ.ഡി.എ 75 സീറ്റുകൾ നേടിയപ്പോൾ ഏജൻസികൾ പ്രവചിച്ചത് ശരാശരി 71 സീറ്റുകളായിരുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."