ഫിഫ റാങ്കിങ്: കൂപ്പുകുത്തി ഇന്ത്യ, അര്‍ജന്റീന ഒന്നാമത്
സൂറിച്ച്: പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. അവസാനമായി ഇന്ത്യ കളിച്ച രണ്ട് മത്സരത്തിലും വിജയിക്കാനാകാത്തതാണ് ഇന്ത്യക്ക് റാങ്കിങ്ങില്‍ തിരിച്ചടിയായത്. 117ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 121ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഒരു മത്സരത്തില്‍ സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.
ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ശേഷം ഇന്ത്യക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഏഷ്യന്‍ കപ്പ് സമയത്ത് 102ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് 121ാം റാങ്കിലേക്ക് താഴ്ന്നത്. ലോകകപ്പ് ചാംപ്യന്മാരായ അര്‍ജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 1858 പോയിന്റാണ് അര്‍ജന്റീനയുടെ സമ്പാദ്യം.
ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ബെല്‍ജിയം മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഇംഗ്ലണ്ട് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തെത്തി. ബ്രസീല്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഏഴാം സ്ഥാനത്തുണ്ടായിരുന്ന പോര്‍ച്ചുഗല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് കയറി. സ്പെയിന് എട്ട്, ഇറ്റലി ഒന്‍പത്, ക്രൊയേഷ്യ പത്ത് എന്നിങ്ങനെയാണ് ആദ്യ പത്തിലെ ടീമുകള്‍. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്തോനേഷ്യയാണ് ഇത്തവണ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ ടീം. തുടര്‍ തോല്‍വികളില്‍ പത്ത് സ്ഥാനം നഷ്ടപ്പെട്ട വിയറ്റ്നാം 115ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."