മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രതിസന്ധി തുടരുന്നു; അധികൃതര്‍ക്ക് കുലുക്കമില്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവും മറ്റു അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമായ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബഹളത്തിനിടയാക്കിയിട്ടും അധികൃതര്‍ക്കു കുലുക്കമില്ല. പ്രശ്‌നത്തിനു പരിഹാരം കണ്ടു രോഗികളുടേയും മെഡിക്കല്‍ വിദ്യാര്‍ഥികളുടേയും ആശങ്കയകറ്റാന്‍ സര്‍ക്കാരും ശ്രമിക്കുന്നില്ല.
ഡോക്ടര്‍മാരുടെ കുറവിനെത്തുടര്‍ന്നു രോഗികള്‍ ദിനേനെ നെട്ടോട്ടമോടുകയാണ്. അത്യാസന്ന നിലയില്‍ മഞ്ചേരിയിലേക്കു കുതിച്ചെത്തുന്ന രോഗികള്‍ ഡോക്ടര്‍മാരില്ലന്നറിയുന്നതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി അവസ്ഥയാണ്. വൈകുന്നേരം മൂന്നു കഴിഞ്ഞാല്‍ ലാബ്, എക്‌സ്‌റേ തുടങ്ങിയ ആവശ്യങ്ങള്‍ക്കു മെഡിക്കല്‍ കോളജിനു പുറത്തുപോവേണ്ട സ്ഥിതിയാണുള്ളത്. രോഗികളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച ശേഷം സ്‌കാനിംഗിനും മറ്റു ടെസ്റ്റുകള്‍ക്കും പരിസരത്തെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും കൊണ്ടുപോകേണ്ടിവരുന്നു.
ഇത്തരം പരാതികളുമായി അധികൃതരെ സമീപ്പിക്കുമ്പോഴാവട്ടെ എല്ലാം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടന്നും സമീപഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുമെന്നുമുള്ള മറുപടിയാണു ലഭിക്കുന്നത്. പ്രതിസന്ധികള്‍ തുടരുമ്പോഴും മെഡിക്കല്‍ കോളജ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുകയോ മറ്റോ ചെയ്യാതെ ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുകയാണ്. അതേസമയം ഇതു ശക്തമായ സമരങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു പ്രതിപക്ഷ സംഘടനകള്‍ ഇതിനകം മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.
അക്കാദമിക് രംഗത്തു നാലാം വര്‍ഷ മെഡി.വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ നടന്നുവരികയാണ്. പഠന രംഗത്തു മിടുക്കു തെളിയിച്ച സംസ്ഥാനത്തെ മികച്ച മെഡി.കോളജാണിത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ദയനീയ സ്ഥിതിയാണുള്ളത്. നിലവില്‍ പഴയ ജനറല്‍ ആശുപത്രിയുടെ കെട്ടിടത്തിലായിരുന്നു എം.ബി.ബിഎസ് വിദ്യാര്‍ഥികളുടെ താമസ സൗകര്യം. പുതിയ ബാച്ച് വന്നതോടെ വിദ്യാര്‍ഥികളുടെ താമസ സൗക്യങ്ങളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. എം.സി.ഐ പരിശോധന ഈ മാസം തന്നെ നടക്കുമെന്നാണറിയുന്നത്. ഇക്കാരണങ്ങളാല്‍ മെഡി.കോളജിന്റെ അംഗീകാരം നഷ്ടപ്പെടാന്‍ ഇടവരുത്തുമെന്ന വിമര്‍ശവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."