സുരക്ഷാ സംവിധാനങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനും നടപടിയായില്ല
കോഴിക്കോട്: പുതിയ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ സ്ഥാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളായില്ല. ദിനംപ്രതി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഇതുവരെ ഇവിടെ സി.സി.ടി.വി കാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ദിവസേന വന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാത്തതാണ് കൂടുതല്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നത്. മംഗളൂരു, ബംഗളൂരു, മൈസൂരു, തിരുവനന്തപുരം തുടങ്ങിയ ദീര്‍ഘദൂരത്തേക്കും തൃശൂര്‍, എറണാകുളം, കോട്ടയം തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കുമായി ദിവസേന 65 ഓളം ബസുകള്‍ ഇവിടെ നിന്നു സര്‍വിസ് നടത്തുന്നുണ്ട്. ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിലേക്കായി 15 ബസുകളും ഓരോ അഞ്ചു മിനിറ്റിലും ഒരു ബസ് വീതവും ഇവിടെ നിന്ന് സര്‍വിസ് നടത്തുന്നു.
സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള ബസുകളും സ്റ്റാന്‍ഡില്‍ എത്തിയാണ് പോകാറുള്ളത്. അതിനാല്‍ 24 മണിക്കൂറും ബസ് സ്റ്റാന്‍ഡില്‍ ആള്‍ത്തിരക്കുണ്ടാകും. വൈകിട്ട് അറു മുതല്‍ 10 വരെയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇവിടെ എത്താറുള്ളത്. പലപ്പോഴും വിദ്യാര്‍ഥികളും സ്ത്രീകളുമെല്ലാം സ്റ്റാന്‍ഡില്‍ തനിച്ചും എത്താറുണ്ട്. മിക്കപ്പോഴും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം ഇവിടെ പതിവാണ്. എന്നിട്ടും ഇവിടെ സി.സി.ടി.വി കാമറ സ്ഥാപിക്കാത്തതിനെതിരേ യാത്രക്കാരുടെ ഭാഗത്തു നിന്നു പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിലവില്‍ കേരളാ ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ കീഴിലാണ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. താല്‍ക്കാലിക സര്‍വിസ് നടത്തുകയെന്നല്ലാതെ ബില്‍ഡിങ് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി അനുവദിച്ചു നല്‍കിയിട്ടില്ല. സി.സി.ടി.വി സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതും കെ.ടി.ഡി.എഫ്.സി ആണെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം കാമറയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും എപ്പോള്‍ സ്ഥാപിക്കുമെന്നതിനെക്കുറിച്ചു ജീവനക്കാര്‍ക്കാര്‍ക്കും യാതൊരു ധാരണയുമില്ല. ബസ് സ്റ്റാന്‍ഡിലെ സുരക്ഷയെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ കെ.ടി.ഡി.എഫ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്തി കാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിയുടെ കോപ്പി പൊലിസിനും കമ്മിഷണര്‍ക്കും എത്തിച്ചെതല്ലാതെ മറ്റു നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. നഗരത്തിലെ ചെറിയ ഷോപ്പുകളില്‍ പോലും സുരക്ഷയ്ക്കായി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമ്പോള്‍ രാവും പകലും ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കാമറ സ്ഥാപിക്കാത്തതിനെതിരേ ജീവനക്കാരില്‍ നിന്നും മറ്റും ആക്ഷേപം ശക്തമാണ്.
സ്ത്രീകള്‍ക്കുള്ള വിശ്രമമുറിയുടെ നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ പലപ്പോഴും സുരക്ഷിതമായ യാത്ര സ്ത്രീകള്‍ക്ക് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. മിക്ക ദിവസങ്ങളിലും ഇവിടെ സുരക്ഷയ്ക്കായി അഞ്ചിലധികം പൊലിസുകാരെ നിയോഗിക്കാറുണ്ടെങ്കിലും പലപ്പോഴും ഇവരെ മറ്റു ജോലിക്ക് വിടാറാണ് പതിവ്. അതിനാല്‍ മോഷണമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ പതിവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."