ഗുരുവിന്റെ പേരു പറഞ്ഞ് മതകാലുഷ്യം പടര്‍ത്താന്‍ ശ്രമിക്കരുത്: മുഖ്യമന്ത്രി
കഴക്കൂട്ടം: തനിക്ക് ജാതിയില്ലെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ പേരു പറഞ്ഞ് ജാതി-മത കാലുഷ്യം സമൂഹത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ ഗുരുനിന്ദയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ചെമ്പഴന്തിയില്‍ 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു ഹിന്ദു സന്ന്യാസിയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഇന്നും പ്രചാരമുണ്ട്. ഒരു പ്രത്യേക ജാതിയിലും മതത്തിലും തന്നെ ഒതുക്കുവാന്‍ ചിലര്‍ ശ്രമിക്കുമെന്നദ്ദേഹം കാലേകൂട്ടി കണ്ടിരുന്നതുകൊണ്ടാണ് സംവത്സരങ്ങള്‍ക്ക് മുമ്പദ്ദേഹം ജാതി ഭേദത്തില്‍ ഊന്നി നിന്നത്. പിന്നോക്ക ജാതിക്കാരന് വോട്ട് ഉണ്ട് എന്നു മനസ്സിലാക്കിയുള്ള തന്ത്രപരമായ സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി ഗുരുസന്ദേശങ്ങളെ വളച്ചൊടിക്കുന്ന കുബുദ്ധി ജാതിയുടെ നൂറ്റാണ്ടുകള്‍ പിന്നിലുള്ള ഇരുട്ടറയിലേയ്ക്ക് കേരളത്തെ കൂട്ടികൊണ്ടു പോകാനുള്ള ശ്രമമാണെന്നും പുതിയ കാലഘട്ടത്തിനനുസരിച്ച് ഗുരുദര്‍ശനങ്ങളെ സമൂഹത്തില്‍ പ്രായോഗികമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംഘടന സന്ദേശം തന്നെ ഒരു പ്രത്യേക വര്‍ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കലാകരുതെന്നാണ്. അദ്ധ്യാത്മിക രംഗത്തു പ്രവര്‍ത്തിച്ച ഗുരുക്കന്മാരില്‍ ജനിച്ച നാടിന്റെ ചരിത്രം വിജയകരമായി മാറ്റി എഴുതിയ ശ്രീനാരായണ ഗുരുവിനെപ്പോലൊരു മഹാന്‍ വേറെ ഉണ്ടായിട്ടില്ല. ചാതുര്‍വര്‍ണ്യവും ബ്രാഹ്മാണാധിപത്യവും മാത്രമല്ല ഈഴവ സമുദായത്തിലും സാമ്പത്തികമായി ഉച്ചനീചത്വം നിലനിന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്നോക്ക സമുദായങ്ങളില്‍ നമ്പൂതിരി സ്ത്രികള്‍ ഇല്ലങ്ങളില്‍ അനുഭവിച്ച യാതനയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഘടിച്ച് ശക്തരാകുക എന്ന ഗുരുവിന്റെ സന്ദേശമാണ് യോഗക്ഷേമസഭയ്ക്കും എന്‍.എസ്.എസ് ന്റെ രൂപീകരണത്തിന് പ്രചോദനമായതെന്നും പിണറായി പറഞ്ഞു. മതത്തിന്റെ പേരുപറഞ്ഞ് മത-വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യനെ തട്ടിക്കൊണ്ടു പോയി മനുഷ്യത്വത്തെ തന്നെ ഞെരിച്ചുകൊല്ലുന്ന ഇതുപോലൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. ഇവിടെയാണ് ലോകത്തിനു മുന്നില്‍ ശ്രീനാരായണ സന്ദേശങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രാകാശാനന്ദ സ്വാമികള്‍, സൂക്ഷ്മാനന്ദ സ്വാമികള്‍, എം.പി. അബ്ദുസമദ് സമദാനി, മുന്‍ എം.എല്‍.എ. എം.എ. വാഹീദ്, ഗോകുലം ഗോപാലന്‍, എന്‍. തുളസീധരന്‍, സ്വാമി ശുഭാംഗാനന്ദ, ഷൈജു പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."