ജനിതക കടുക്; ആശങ്കകള്‍ പരിഹരിക്കണം
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് (ജി.എം കടുക്) വാണിജ്യപരമായ ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കും മുന്‍പ് അതുയര്‍ത്തുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജി.എം വിളകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ പരിസ്ഥിതി പ്രവര്‍ത്തകരും, കാര്‍ഷിക ശാസ്ത്രജ്ഞരും, കര്‍ഷകരും ഉയര്‍ത്തിയിരുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും, പ്രകൃതിജന്യമായ കഴിവുകളും നഷ്ടപ്പെടുന്നതോടൊപ്പം ഇത്തരം വിത്തുകളില്‍ നിന്നുണ്ടാകുന്ന വിളകള്‍ നമ്മുടെ ആരോഗ്യത്തെ പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതമായി ബാധിക്കുന്നതായാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അലര്‍ജി, ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ തടയുകവഴി രോഗപ്രതിരോധ ശേഷി കുറയുക തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകുന്നതായി ഈ രംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെടുന്നു. മാത്രമല്ല ഈ മേഖലയിലെ കര്‍ഷകരുടെ ദൈനംദിന ജീവിതവൃത്തിയെയും ഇത് ബാധിക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടി ജി.എം വിത്തുകളുടെ ഉപയോഗത്തിന് മുന്‍പ് അത് പ്രകൃതിയെയും മനുഷ്യനെയും എങ്ങിനെ ബാധിക്കുമെന്ന് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ 120 പ്രമുഖ ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഇതൊന്നും കണക്കിലെടുക്കാതെ ജി.എം കടുക്‌വിത്ത് വാണിജ്യപരമായി ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ തയാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെയും, കര്‍ഷകരുടെയും, വിദഗ്ധരുടെയും ഭാഗത്ത് നിന്നുയര്‍ന്ന എല്ലാ ആശങ്കളും പരിഹരിച്ച ശേഷമേ ജി.എം കടുക് വിത്ത് കാര്‍ഷിക ഉപയോഗത്തിനായി അനുവദിക്കാവൂ എന്ന് രമേശ് ചെന്നിത്തല കത്തിലൂടെ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."