സി.സി പ്രിയക്ക് ജന്മനാടിന്റെ ആദരം
നാദാപുരം: മലയോരത്തിന്റെ അഭിമാന താരത്തിന് ജന്മനാടിന്റെ ആദരം. ഉത്തര കൊറിയയില്‍ കഴിഞ്ഞാഴ്ച സമാപിച്ച ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിലങ്ങാട് ആദിവാസി ഊരിലെ സി.സി പ്രിയക്കാണ് വിലങ്ങാട് പൗരാവലി സ്വീകരണം നല്‍കിയത്.
വായാട്ടു കുറിച്യ കോളനിയിലെ സി.സി രാജപ്പന്റെയും ദേവിയുടെയും മകളായ പ്രിയ വിലങ്ങാട് സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കായിക രംഗത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഇപ്പോള്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജില്‍ പി.ജിക്കു പഠിക്കുകയാണ്. ഉത്തര കൊറിയയിലെ ജിജാങ്കില്‍നടന്ന മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. വാണിമേല്‍ പാലത്തിനു സമീപത്തു നിന്ന് തുറന്ന വാഹനത്തില്‍ പ്രിയയെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിലങ്ങാട്ടേക്ക് ആനയിച്ചു. വിലങ്ങാട് പാരീഷ് ഹാളില്‍ നടന്ന അനുമോദന യോഗം നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ അധ്യക്ഷനായി.നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എകെനാരായണി, ഫാദര്‍ ജോര്‍ജ് കറുകമാലില്‍, കെ. ചന്തു മാസ്റ്റര്‍, കെ.പി പവിത്രന്‍, രാജു അലക്‌സ്, വളയം എസ്.ഐ എം.സി പ്രമോദ്, ഊര് മൂപ്പന്‍ ചന്തുട്ടി മാടാഞ്ചേരി, പി.എ ആന്റണി, കെ.ജെ ജോസ്, എം.കെ മൂസ മാസ്റ്റര്‍, ടോസ് എബ്രഹാം, സജി മാടാഞ്ചേരി, സാജു ടോംപ്ലാക്കല്‍ സംബന്ധിച്ചു.
സംസ്ഥാന ജൂഡോയില്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയ വിജിത മാടാഞ്ചേരി, ഷോട്ട്പുട്ടിലും ഹാമ്മര്‍ ത്രോയിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജസ്റ്റിന്‍ ജയിന്‍ എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."