ഫേസ്ബുക്കില്‍ പോസ്റ്റിട്ട പരിസ്ഥിതി പ്രവര്‍ത്തകനു ഭീഷണി സഹോദരന്റെ വീടും തകര്‍ത്തു
പയ്യന്നൂര്‍: ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരിനു ഭീഷണി കത്തും സഹോദരന്റെ വീടിനു നേരെ അക്രമവും. കഴിഞ്ഞ ദിവസം രാത്രി 12.15 ഓടെയാണ് സംഭവം. വരാന്തയില്‍ കണ്ടെത്തിയ കത്തില്‍ 'ഫേസ് ബുക്കില്‍ എഴുതുന്നത് സൂക്ഷിക്കുക' എന്നെഴുതിയ കവറിനു പുറത്ത് ഭാസ്‌കരന്‍ വെള്ളൂര്‍ എന്ന് ചുവന്ന മഷി കൊണ്ടെഴുതിയിരുന്നു. സമീപത്തെ സഹോദരന്‍ മണികണ്ഠന്റെ വീടിന്റെ ആറ് ജനല്‍ ഗ്ലാസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. ഓണനാളില്‍ കവ്വായിലെ ഹരിജന്‍ കോളനിയില്‍ ഓണസദ്യ ഒരുക്കാന്‍ പോലും പറ്റാതെ നരകയാതന അനുഭവിക്കുന്നതും ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കാത്തതുമായ വീടുകളുടെ വാര്‍ത്ത ഭാസ്‌കരന്‍ വെള്ളൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തിരുന്നു. ജനല്‍ തകര്‍ക്കുന്ന ശബ്ദംകേട്ട് തൊട്ടടുത്ത വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും ആക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. എ.എസ്.ഐ. സുധാകരന്റെ നേതൃത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫേസ്ബുക്ക് പോസ്റ്റാണ് അക്രമണത്തിനു കാരണമെന്ന് ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ നേരിട്ടും വീടിനു നേരയും നിരവധി അക്രമം നടന്നതായും കുടുംബത്തിന്റെ സുരക്ഷയോര്‍ത്ത് നാടുവിടേണ്ട അവസ്ഥയാണെന്നും ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."