അയവില്ലാതെ അക്രമം കോടിയേരിയില്‍ ബി.ജെ.പി - സി.പി.എം സംഘര്‍ഷം
സി.പി.എം നഗരസഭാ കൗണ്‍സിലറുടെ വീടിന് നേരെ അക്രമം
ബി.എം.എസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി: കോടിയേരി കല്ലില്‍താഴെ പ്രദേശങ്ങളില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും വീടുകള്‍ക്ക് നാശം. അക്രമത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തില്‍ കോടിയേരി മേഖലയില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു.
ബി.ജെ.പി കോടിയേരി മേഖലാ സെക്രട്ടറിയും തലശ്ശേരി മണ്ഡലം കമ്മിറ്റി അംഗവുമായ കല്ലില്‍താഴെയിലെ പത്മിനി കൃഷ്ണയില്‍ മുണ്ടുക്കാട്ടില്‍ രാജേന്ദ്രന്‍, അധ്യാപകനായ കല്ലില്‍താഴെ ആനന്ദ് ഭവനില്‍ അനില്‍കുമാര്‍, മൂഴിക്കരയിലെ റിജില്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടണ്ടായി.
വെള്ളിയാഴ്ച അര്‍ധരാത്രി ആയുധങ്ങളുമായെത്തിയ അക്രമി സംഘം രാജേന്ദ്രന്റെ വീടിന്റെ ജനല്‍ ചില്ലുകളും മറ്റും എറിഞ്ഞ് തകര്‍ത്തു. വീടിന്റെ വാതില്‍ വാളുകൊണ്ടണ്ട് കൊത്തിതകര്‍ത്തു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും തകര്‍ത്തു. തലശ്ശേരി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപകന്‍ ആനന്ദ് ഭവനില്‍ അനില്‍കുമാറിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. സമീപത്ത് സി.പി.എം പ്രവര്‍ത്തകന്‍ പാറക്കണ്ടി രവീന്ദ്രന്റെ വീടിന് നേരെയും ഇന്നലെ രാവിലെ അക്രമം നടന്നു.
സി.പി.എം തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ വിജയന്റെ വീട് ആക്രമിച്ചു. ടെമ്പിള്‍ഗേറ്റ് ജഗന്നാഥ് ഹിന്ദി മഹാ വിദ്യാലയത്തിനു സമീപത്തെ വീടിനു നേരെയായിരുന്നു വൈകുന്നേരം ആറോടെ അക്രമമുണ്ടായത്. ബൈക്കിലെത്തിയ അക്രമി സംഘം വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം ജനലുകള്‍ അടിച്ചു തകര്‍ത്തു. ന്യൂമാഹി പൊലിസും തലശ്ശേരി പൊലിസും സ്ഥലത്തെത്തി.
അക്രമത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം തലശ്ശേരി ഏരിയാ സെക്രട്ടറി എം.സി പവിത്രന്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഇടയില്‍പീടികയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആശാരിക്കണ്ടിയില്‍ കെ.വി വിജേഷിന്റെ വീടിനു നേരെ അക്രമമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വിജേഷിന്റെ അച്ഛന്‍ വിജയനേയും അമ്മ അംബുജാക്ഷിയേയും അടിച്ചു പരുക്കേല്‍പിച്ചു. ഇരുവരേയും തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകളും കക്കൂസിന്റെ വാതില്‍ ചവിട്ടി തകര്‍ക്കുകയും ചെയ്തു. മൂന്നു പവന്റെ മാല കവര്‍ന്നതായും ആരോപണമുണ്ട്. വീട്ടുമുറ്റത്ത് നിര്‍ത്തിയ ബൈക്കും തകര്‍ത്തു.
തൊട്ടടുത്ത സി.പി.എം പ്രവര്‍ത്തകന്‍ പുത്തന്‍പുരയില്‍ പടിഞ്ഞാറെക്കണ്ടി രവീന്ദ്രന്റെ വീടിനു നേരെയും അക്രമമുണ്ടായി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ തകര്‍ത്തു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അക്രമത്തില്‍ വീട്ടിലുള്ള നാലുപേര്‍ക്ക് പരുക്കേറ്റു. രവീന്ദ്രന്റെ ഭാര്യ സരള, മകന്റെ ഭാര്യ ഷഹിദ, മക്കളായ അലന്‍ (6), അനുദേവ് (5) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടിയേരി കല്ലില്‍താഴ തൃക്കൈക്കല്‍ ശിവക്ഷേത്രത്തിനു സമീപം ബി.എം.എസ് തലശ്ശേരി മേഖലാ ജോ. സെക്രട്ടറി സി.കെ ലതേഷ് ബാബുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആയുധങ്ങളുമായെത്തിയ സംഘം വീടിനു നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ജനല്‍ചില്ലും വാതിലും തകര്‍ന്നു. ലതേഷ് ബാബുവിന്റെ അച്ഛന്‍ പി.സി ബാലകൃഷ്ണ(73)ന്റെ തലക്കും കാലിനും ബോംബിന്റെ ചീളുകള്‍ തറച്ച് പരുക്കേറ്റു.
ഇയാളുടെ സഹോദരി പി.സി മാധവിക്കുട്ടി(75) സ്‌ഫോടനത്തെ തുടര്‍ന്ന് ബോധരഹിതയായി. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍, ഓട്ടോറിക്ഷ, സ്‌കൂട്ടര്‍ എന്നിവ അക്രമി സംഘം തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."