സി.യു.ഇ.ടി വഴി ഐ.ഐ.ടിയിൽ പഠിക്കാം; ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാതെ പ്രവേശനം
ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ 'ജെ.ഇ.ഇ അഡ്വാൻസ്ഡ്' എഴുതാതെ തന്നെ പ്രമുഖ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (IIT) പഠിക്കാൻ പ്ലസ് ടു വിദ്യാർഥികൾക്ക് സുവർണാവസരം. ഐ.ഐ.ടി ധാർവാഡ് ആരംഭിച്ച രണ്ട് ബാച്ചിലർ ഓഫ് സയൻസ് (BS) പ്രോഗ്രാമുകളിലേക്ക് കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-UG) വഴി അഡ്മിഷൻ നേടാം. സയൻസ് മേഖലയിൽ ഉപരിപഠനവും ഗവേഷണവും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഐ.ഐ.ടി പോലെയുള്ള പ്രശസ്തമായ ക്യാംപസുകളിൽ പഠിക്കാൻ മികച്ചൊരു അവസരമാണിത്.
രണ്ട് പ്രോഗ്രാമുകൾ
ബയോളജി, കെമിസ്ട്രി എന്നിവയിൽ ബി.എസ് പ്രോഗ്രാമുകൾക്കാണ് അവസരം. നാലുവർഷ പ്രോഗ്രാമുകളാണ്. വിജയകരമായി പ്രോഗ്രാം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വർഷം കൂടി അധികം പഠിച്ച് ഡ്യുവൽ ഡിഗ്രി (ബി.എസ്- എം.എസ്) ബിരുദം നേടാനും അവസരമുണ്ട്.
യോഗ്യത
പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി (PCMB) വിഷയങ്ങൾ പഠിച്ചിരിക്കണം. ബിഎസ് കെമിസ്ട്രി പ്രോഗ്രാമിന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്കൊപ്പം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. പ്ലസ്ടുവിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
അപേക്ഷ
admissions.iitdh.ac.in വഴി ജൂലൈ 12 നകം അപേക്ഷിക്കണം. ബി.എസ് ബയോളജി പ്രവേശനത്തിന് ബയോളജി / ബയോളജിക്കൽ സ്റ്റഡീസ്/ ബയോടെക്‌നോളജി/ ബയോകെമിസ്ട്രി പേപ്പറിലെ (പേപ്പർ കോഡ് 304) സി.യു.ഇ.ടി യു.ജി മാർക്കാണ് പരിഗണിക്കുക. ബി.എസ് കെമിസ്ട്രി പ്രവേശനത്തിന് കെമിസ്ട്രി പേപ്പറിലുള്ള മാർക്കും (പേപ്പർ കോഡ് 306). വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇമെയിൽ: [email protected].
ബി.ബി.എ, ബി.സി.എ ഓണേഴ്‌സ് പ്രോഗ്രാമുകൾ
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുമായ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിൽ ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (ബി.ബി.എ), ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ) ഓണേഴ്‌സ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷ പ്രോഗ്രാമുകളാണ്. മൂന്നുവർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷനുമുണ്ട്. ബി.ബി.എ 20 കോളജുകളിലും ബി.സി.എ 19 കോളജുകളിലും പഠിക്കാം.
എല്ലാ സ്ഥാപനങ്ങളിലെയും 50 ശതമാനം സർക്കാർ സീറ്റുകളിലേക്ക്, എൽ. ബി.എസ് പ്രവേശന പരീക്ഷകൾ നടത്തി റാങ്കടിസ്ഥാനത്തിൽ അലോട്ട്‌മെൻറ് നടത്തും. മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശന പരീക്ഷയിൽ റാങ്കുള്ളവർക്കാണ് മുൻഗണന.
പ്രവേശന യോഗ്യത
ബി.ബി.എക്ക് 45 ശതമാനം മാർക്കോടെയുള്ള പ്ലസ് ടുവാണ് യോഗ്യത. പട്ടികവിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. ബി.സി.എ പ്രവേശനത്തിന് 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു /എൻജിനീയറിങ് ഡിപ്ലോമ/ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസാണ് യോഗ്യത. പട്ടികവിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി.
പ്രത്യേകം പരീക്ഷ
ഇരുപ്രോഗ്രാമുകൾക്കും പ്രത്യേകംപരീക്ഷയാണ്. 90 മിനുട്ട് പരീക്ഷയിൽ ഒരു മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കില്ല. ജനറൽ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് ആൻഡ് ലോജിക്കൽ റീസണിങ്, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. കൂടാതെ ബി.ബി.എക്ക് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡും ബി.സി.എക്ക് കംപ്യൂട്ടർ വിജ്ഞാനവും പരിശോധിക്കുന്ന ചോദ്യങ്ങളുമുണ്ടാകും.
അപേക്ഷ
ഓരോ പ്രോഗ്രാമിനും പ്രത്യേകം അപേക്ഷിക്കണം. ജൂലൈ 12 നകം Ibsapplications.kerala.gov.in വഴി അപേക്ഷിക്കാം. 1300 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 650 രൂപ മതി.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560327, 2560361. ഇ മെയിൽ: [email protected].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."