വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി; സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
അമ്രേലി: ഗുജറാത്തിലെ അമ്രേലിയിലെ വനമേഖലയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. സോഹില്‍ മുന്‍ജാവര്‍ എന്ന 21കാരനാണ് കൊല്ലപ്പെട്ടത്.
സുഹൃത്തുക്കള്‍ക്കൊപ്പം അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിക്കുകയും സിംഹങ്ങളെ പ്രകോപിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ കടന്നുകയറുകയും ചെയ്തതാണ് സിംഹം ആക്രമിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂലൈ എട്ടിന് രാത്രി എട്ട് മണിയോടെ ലുവാരിയ റിസര്‍വ് വനത്തിന് സമീപമാണ് സഭവം. സിംഹങ്ങള്‍ ഇണചേരുന്ന സമയത്തായിരുന്നു ഇവര്‍ അവിടെയെത്തിയതെന്ന് കരുതുന്നതായി ഷെട്രുഞ്ചി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) ചിരാഗ് അമിന്‍ പറഞ്ഞു. അതീവ പ്രകോപിതനായ സിംഹം സോഹലിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെ കടിച്ചെടുത്ത സിംഹം ഉള്‍ക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി.
പിന്നാലെ ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പും പൊലിസും സ്ഥലത്തെത്തി. മൃതദേഹത്തിന് ഏറെനേരം കാവലിരുന്ന സിംഹത്തെ വളരെ പ്രയാസപ്പെട്ടാണ് അവിടെ നിന്നും നീക്കിയത്.
യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ലിലിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ അമ്രേലി ജില്ലയില്‍ സിംഹം ആക്രമിക്കുന്ന ഏഴാമത്തെ സംഭവമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യത്യസ്ത ദിവസങ്ങളിലായുണ്ടായ സംഭവങ്ങളിലായി അഞ്ച് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
A young man was killed in a lion attack after allegedly entering a restricted forest area without authorization. According to officials, the victim was attacked by the wild animal inside the forest and died from severe injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."