'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ കെ.എസ്.ഇ.ബിക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ലോഡ് ഷെഡിങ്ങ് ഏര്‍പ്പെടുത്തുന്ന സമയവും ദൈര്‍ഘ്യവും മുന്‍കൂട്ടി എസ്.എം.എസ്. ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ അറിയിക്കണമെന്നും, ഒരേ പ്രദേശത്ത് കഴിയുന്നത്ര ഒരേ സമയത്ത് നിയന്ത്രണം നടപ്പാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യങ്ങളില്‍ കെ.എസ്.ഇ.ബി. സമ്മതം അറിയിച്ചു.
ഒരു വര്‍ഷത്തേക്ക് 840 കോടി രൂപ ചെലവില്‍ 140 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ. ജോസും അംഗം ബി. പ്രദീപും നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈദ്യുതി കുറവ് തലേദിവസം തന്നെ കണക്കാക്കാന്‍ കഴിയുമെന്നും, അതനുസരിച്ച് ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യങ്ങളില്‍ ഏതൊക്കെ ഫീഡറുകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന വിവരം അതത് സെക്ഷന്‍ ഓഫീസുകള്‍ ജനങ്ങളെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. തത്സമയ വിപണിയില്‍ നിന്ന് അധിക വൈദ്യുതി ലഭിക്കുകയോ ഉപഭോഗം കുറയുകയോ ചെയ്താല്‍ നിയന്ത്രണസമയം കുറയ്ക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
അതേസമയം, 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കമ്മിഷന്‍ അനുമതി നല്‍കിയതോടെ ഞായറാഴ്ച മുതല്‍ വൈദ്യുതി വാങ്ങല്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴ ശക്തമാകുകയോ തത്സമയ വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കുകയോ ചെയ്യാത്ത പക്ഷം നിലവിലെ നിയന്ത്രണം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു.
ഇതിനിടെ, വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികളില്‍ കാലതാമസം വരുത്തിയതില്‍ കെ.എസ്.ഇ.ബിക്കെതിരെ കമ്മിഷന്‍ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. ജൂലായ് ആദ്യം തന്നെ ടെന്‍ഡറുകള്‍ അംഗീകരിച്ചിട്ടും കമ്മിഷന്റെ അനുമതിക്കായി അപേക്ഷ നല്‍കാന്‍ 14 ദിവസം വൈകിയത് അംഗീകരിക്കാനാകില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി ലഭ്യമായിരിക്കെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതും വീഴ്ചയാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പകല്‍സമയത്തെ അധിക വൈദ്യുതി ഉപയോഗം വര്‍ധിപ്പിക്കാന്‍ നിലവിലെ 10 ശതമാനം ഇളവ് 25 ശതമാനമാക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും കെ.എസ്.ഇ.ബി. താത്പര്യം കാണിക്കുന്നില്ലെന്നും കമ്മിഷന്‍ വിമര്‍ശിച്ചു.
സൗരവൈദ്യുതി സംഭരിക്കുന്ന ബാറ്ററി സ്റ്റോറേജ് പദ്ധതികളുടെ പുരോഗതി സംബന്ധിച്ചും വൈദ്യുതി ആവശ്യകത കണക്കാക്കുന്നതിലെ അശാസ്ത്രീയ സമീപനത്തെക്കുറിച്ചും കമ്മിഷന്‍ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി.
The Electricity Regulatory Commission has said that KSEB cannot impose power restrictions as it pleases without prior notice to the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."