ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം
ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ നാല് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 17 വെള്ളിയാഴ്ച്ചയാണ് ജോര്‍ദാനിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇറാനുമായുള്ള യുദ്ധത്തിനിടെ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റ നാല് സൈനികരെയും ജോര്‍ദാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യസഹായം നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും ചെറിയ പരുക്കുകളേറ്റ ഉദ്യോഗസ്ഥര്‍ വീണ്ടും ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അതേസമയം, പുലര്‍ച്ചെ മുതല്‍ ഇറാന് നേരെ യു.എസിന്റെ ശക്തമായ വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുര്‍ബലപ്പെടുത്താനാണ് പുതിയ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ്(സെന്റ്‌കോം) അറിയിച്ചു.
ഇറാനിലെ ഖേഷ്ം ദ്വീപില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ വീണ്ടും ആക്രമണം നടത്തിയതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദ്വീപില്‍ കുറഞ്ഞത് രണ്ട് സ്‌ഫോടന ശബ്ദങ്ങളെങ്കിലും കേട്ടിട്ടുണ്ടെന്നും, ആക്രമണ സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അടിയന്തര, സുരക്ഷാ, പ്രവര്‍ത്തന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയിലെ ഷാഡെഗന്‍ നഗരത്തിനടുത്തും യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, ഇറാന്‍-യുഎസ് പ്രസിഡന്റുമാര്‍ ഒപ്പുവെച്ച ധാരണാപത്രം അമേരിക്ക ആവര്‍ത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖംനഈ ആരോപിച്ചു. യു.എസ് പ്രസിഡന്റിന്റെ ഒപ്പ് തീര്‍ത്തും വിലയില്ലാത്തതാണെന്ന അടിസ്ഥാന സത്യമാണ് ഇതിലൂടെ വീണ്ടും വെളിപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാരണാപത്രം അവസാനിച്ചുവെന്ന് വ്യക്തമാക്കി ജൂലൈ 11നാണ് ട്രംപ് ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചത്.
Two U.S. soldiers were killed and another was reported missing following a missile attack in Jordan that has been attributed to Iran, according to the report. In response, the United States launched extensive airstrikes targeting locations in Iran. The developments mark a significant escalation in tensions between Washington and Tehran, with regional security concerns intensifying.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."