ആര്‍.സിയും ലൈസന്‍സും കൈയില്‍ വേണ്ട, ഡിജിലോക്കര്‍ ഉണ്ടെങ്കില്‍
ഇനി ഒരു പക്ഷേ, ലൈസന്‍സും ആര്‍. സിയും ഒന്നും കൈയിലില്ലാതെ പൊലിസ് പിടിച്ചാല്‍ തല ചൊറിയുന്നതിന് പകരം വിരലുകൊണ്ട് കൈയിലെ സ്മാര്‍ട്ട് ഫോണില്‍ ഒന്ന് അമര്‍ത്തിയാല്‍ മതി. ആര്‍. സിയും ഡ്രൈവിങ്ങ് ലൈസന്‍സുമെല്ലാം ഉടന്‍ മുന്നിലെത്തും. ഇതാണ് 'ഡിജിലോക്കര്‍' എന്ന ഓണ്‍ലൈന്‍ ക്‌ളൗഡ് സ്റ്റോറേജ് സംവിധാനം. കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ പൊലിസിനോ മറ്റ് നിയമപാലകര്‍ക്കോ പരിശോധിക്കാനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗതാഗത മന്ത്രാലയവും ഐ. ടി മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത ഒരു മൊബൈല്‍ നമ്പറാണ് ഡിജി ലോക്കര്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ടത്.
പുതിയ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ ലൈസന്‍സോ ആര്‍. സിയോ കൈയില്‍ കൊണ്ടുനടക്കേണ്ട ആവശ്യം വരില്ല. ഇത്തരം ഡോക്യുമെന്റുകളുടെ സോഫ്റ്റ് കോപ്പി ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്താല്‍ മതിയാകും. ഉടമയുടെ മൊബൈല്‍ ഫോണിലുള്ള ഡ്രൈവിങ്ങ് ലൈസന്‍സിന്റെയും ആര്‍.സിയുടേയും വിവരങ്ങള്‍ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും നാഷണല്‍ രജിസ്റ്ററിയില്‍ നിന്നും അധികൃതര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. പരിശോധകരുടേയും കൈയിലും ഇതിനായുള്ള മൊബൈല്‍ ആപ്പ് ഉണ്ടാകും. ഐ. ടി മന്ത്രാലയം ഇത്തരം ആപ്പ് തയാറാക്കിയിട്ടുണ്ട്. വാഹനം മറ്റൊരാള്‍ക്ക് ഓടിക്കാന്‍ നല്‍കുകയാണെങ്കില്‍ ഡിജി ലോക്കറിലുള്ള ആര്‍. സി കൈമാറാനും സാധിക്കും. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് പെനാല്‍ട്ടി പോയിന്റുകളും അധികൃതര്‍ക്ക് ആപ്പ് വഴി ചേര്‍ക്കാന്‍ സാധിക്കും എന്ന സവിശേഷതയുണ്ട്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗൂഗില്‍ പ്‌ളേസ്റ്റോറില്‍ നിന്ന് ഡിജി ലോക്കര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
അതേസമയം, വ്യക്തികളെ സംബന്ധിക്കുന്ന പ്രധാനവിവരങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ ക്‌ളൗഡ് സ്റ്റോറേജ് സംവിധാനത്തില്‍ സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."