'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ 'വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകര്‍ച്ചയുടെ പ്രതീകമാണ്' എന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലിസ് ബലപ്രയോഗം നടത്തിയെന്നും ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങാന്‍ കാരണമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകളാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രതിഷേധത്തിനിടെ പരുക്കേറ്റ 19കാരനായ സാഹില്‍ എന്ന വിദ്യാര്‍ഥിയെ ഒപ്പമിരുത്തിയാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് സാഹിലിന്റെ കണ്ണില്‍ പെല്ലറ്റ് തറച്ചതെന്ന് രാഹുല്‍ പറഞ്ഞു. സാഹിലിന്റെ കാഴ്ചശക്തി പൂര്‍ണമായി തിരിച്ചുകിട്ടുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കുപോലും ഉറപ്പില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലാണ് പരുക്കേറ്റതെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതായി രാഹുല്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഡല്‍ഹി പൊലിസ് നിഷേധിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വിദ്യാര്‍ഥികളുടെയും പ്രതിപക്ഷത്തിന്റെയും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വിദ്യാര്‍ഥി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും സമരത്തിനിടെ മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ധാരണയായതായി സി.ജെ.പി നേതാക്കള്‍ അറിയിച്ചു. എന്നാല്‍, പ്രധാന ആവശ്യമായ ധര്‍മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ കേന്ദ്രം നാളെ ഉച്ചയോടെ നിലപാട് അറിയിക്കുമെന്നാണ് വിവരം.
Lok Sabha Leader of Opposition Rahul Gandhi has launched a sharp attack on the central government over allegations that security personnel used pellet guns against students protesting irregularities in the NEET exam.He called Union Education Minister Dharmendra Pradhan "a symbol of the collapse of the education system" and demanded that he resign immediately.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."